പി.എസ്.സി ചോദ്യപേപ്പർ ചോർച്ച: അരുണാചലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉദ്യോഗാർഥികളും തമ്മിൽ ഏറ്റുമുട്ടൽ; 10 പേർക്ക് പരിക്ക്
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സർക്കാർ താൽക്കാലികമായി നിർത്തിവച്ചു
ഇറ്റാനഗർ: അരുണാചൽ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അസിസ്റ്റന്റ് എൻജിനീയർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെച്ചൊല്ലി വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അരുണാചൽ പ്രദേശ് സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.
'സാഹചര്യം നിയന്ത്രിക്കാൻ, സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഏത് അനിഷ്ട സാഹചര്യവും നേരിടാനും ക്രമസമാധാനപാലനത്തിനും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ ഇറ്റാനഗർ തലസ്ഥാന മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും ഐജിപി ചുഖു അപ പറഞ്ഞതായി വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്സന്റെയും പുതുതായി നിയമിതരായ അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐജിപി പറഞ്ഞു. 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രദേശത്ത് ഏർപ്പെടുത്തിയെങ്കിലും നൂറുകണക്കിന് ഉദ്യോഗാർഥികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുകയും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
ചില പ്രതിഷേധക്കാർ മോട്ടോർ സൈക്കിളും മറ്റൊരു വാഹനവും കത്തിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ സ്ഥിതിഗതികൾ അക്രമാസക്തമായെന്ന് ഐജിപി പറഞ്ഞു.
2023 ഡിസംബർ 9 ന്, അരുണാചൽ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ കേസെടുക്കുകയും നടത്തുകയും എട്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അരുണാചൽ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ രാജിവെച്ചിരുന്നു.