ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്
പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൂച്ച് ബെഹാര്‍: പശ്ചിമംബംഗാളിലെ കൂച്ച് ബെഹാറില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ മരിച്ചു. ഞായറാഴ്ച രാത്രി കൂച്ച് ബെഹാറിൽ നിന്നും ജൽപേഷിലേക്ക് പോകുകയായിരുന്ന യാത്രക്കാരുമായി പോവുകയായിരുന്ന പിക്കപ്പ് ട്രക്കില്‍ വൈദ്യുതാഘാതമേറ്റാണ് 10 കന്‍വാരിയര്‍മാര്‍ മരിച്ചത്. കന്‍വാര്‍ യാത്ര നടത്തുന്ന ശിവഭക്തരെ പൊതുവെ വിളിക്കുന്ന പേരാണ് കന്‍വാരിയര്‍.
പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേരെ ജൽപായ്ഗുരി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്തു. വാഹനത്തിലെ ഡിജെ സംവിധാനത്തിന്‍റെ ജനറേറ്ററിന്‍റെ വയറിങ്ങ് തകരാറാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ''അർദ്ധരാത്രിയോടെ, മെഖ്‌ലിഗഞ്ച് പൊലീസ് സ്റ്റേഷന് കീഴിലുള്ള ധർല പാലത്തിൽ വച്ചാണ് സംഭവം. ജൽപേഷിലേക്ക് കൻവാരിയകളുമായി പോകുകയായിരുന്ന പിക്കപ്പ് വാന് വൈദ്യുതാഘാതമേറ്റു'' മതാഭംഗ അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് വർമ പറഞ്ഞു. എല്ലാ യാത്രക്കാരും സീതാൽകുച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരാണെന്നും അവരുടെ കുടുംബങ്ങളെ ദാരുണമായ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാഹനം പിടിച്ചെടുത്തെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ദുരിതാശ്വാസത്തിനും ആവശ്യമായ എല്ലാ സഹായത്തിനും പൊലീസ് സ്ഥലത്തുണ്ടെന്നും അമിത് വര്‍മ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.