പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകൾ; ഡല്‍ഹിയില്‍ ആറു പേര്‍ അറസ്റ്റില്‍
തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി തൂണുകളിലും ചുവരുകളിലായിട്ടുമാണ് പോസ്റ്റര്‍ ഒട്ടിച്ചത്
ഡല്‍ഹി: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു പോസ്റ്ററുകൾ പതിച്ചതിന് ആറ് പേർ അറസ്റ്റിൽ. 100 പേർക്കെതിരെ കേസെടുത്തു. തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി തൂണുകളിലും ചുവരുകളിലായിട്ടുമാണ് പോസ്റ്റര്‍ ഒട്ടിച്ചത്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ('മോദി ഹഠാവോ, ദേശ് ബച്ചാവോ') പുറത്താക്കണമെന്നായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ''നഗരത്തിലുടനീളം മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹി പൊലീസ് 100 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്ററുകളിൽ അച്ചടിച്ച പ്രസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്'' സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് എഎൻഐയോട് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും ഇറങ്ങിയ ഒരു വാന്‍ തടയുകയും കുറച്ച് പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.