അസമില്‍ ബോഡോ ഭീകരസംഘം അംഗങ്ങളായ 110 പേർ ബി.ജെ.പിയിൽ
കേന്ദ്ര സർക്കാരിന്റെ ഭീകരപട്ടികയിൽ ഉൾപ്പെട്ട നാഷനൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാൻഡ് അംഗങ്ങളാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്
ഗുവാഹത്തി: അസമിലെ സായുധസംഘമായ നാഷനൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാൻഡ്(എൻ.ഡി.എഫ്.ബി) അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു. എൻ.ഡി.എഫ്.ബി പ്രവർത്തകരായിരുന്ന 110 പേരാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തിരിക്കുന്നത്. അസമിലെ കാർബി ആങ്‌ലോങ് ജില്ലയിലാണ് സംഭവം.
ദിഫുവിൽ ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിലാണ് ഇവർ അംഗത്വമെടുത്തത്. സായുധ വിഭാഗത്തിൽ ഉയർന്ന പദവികൾ വഹിച്ചവരാണ് പാർട്ടിയിൽ ചേർന്നവരെല്ലാമെന്ന് കാർബി ആങ്‌ലോങ് ഓട്ടോണമസ് കൗൺസിൽ(കെ.എ.എ.സി) ചീഫ് എക്‌സിക്യൂട്ടീവ് തുളിറാം റോങ്കാങ് പറഞ്ഞു. അസമിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവരെന്ന് അദ്ദേഹം അറിയിച്ചു.
ബോഡോ ജനതയ്ക്കായി പ്രത്യേക ബോഡോലാൻഡ് വേണമെന്ന് ആവശ്യപ്പെട്ട് 1986ൽ രൂപീകൃതമായതാണ് എൻ.ഡി.എഫ്.ബി. രഞ്ജൻ ദൈമാറിയാണ് സംഘത്തിന്റെ സ്ഥാപകൻ. ബോഡോ സുരക്ഷാ സേനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന എൻ.ഡി.എഫ്.ബിയെ കേന്ദ്ര സർക്കാർ ഭീകരസംഘടനകളുടെ കൂട്ടത്തിൽ ചേർത്തിട്ടുണ്ട്.
കാർബി ആങ്‌ലോങ്ങിനു പുറമെ അയൽജില്ലകളായ വെസ്റ്റ് കാർബി ആങ്‌ലോങ്ങിലും ദിമ ഹസാവോയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതാകും പുതിയ നീക്കമെന്ന് തുളിറാം പറഞ്ഞു. ഇന്ന് ബി.ജെ.പിയിൽ ചേർന്നവർ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമൂഴം ഉറപ്പിക്കാനായും ഇവർ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.
കാർബി ആങ്‌ലോങ്, വെസ്റ്റ് കാർബി ആങ്‌ലോങ്, ദിമ ഹസാവോ എന്നീ മൂന്ന് ജില്ലകളെയും ഒറ്റ എം.പിയാണ് പ്രതിനിധീകരിക്കുന്നത്. ബി.ജെ.പിയുടെ ഹോറൻസിങ് ബെയ് ആണ് നിലവിൽ ലോക്‌സഭാ അംഗം.
Summary: 110 former Bodo terror outfit militants joined BJP in Assam's Karbi Anglong district