വിവാഹ സൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ അടങ്ങിയ വെറ്റില പാൻ കഴിച്ചു; 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം

വയറ്റിൽ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്

Update: 2024-05-21 04:13 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: വിവാഹസൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില പാൻ കഴിച്ച 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം നടന്നത്. വയറ്റിൽ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആമാശയത്തിൽ ദ്വാരം വീണതാണെന്ന് കണ്ടെത്തിയത്.

വിവാഹ സൽക്കാരത്തിന് പോയപ്പോൾ അവിടെ വെച്ചാണ് ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില പാൻ കുട്ടി കാണുന്നത്. എല്ലാവരും കഴിക്കുന്നത് കണ്ടപ്പോൾ ആഗ്രഹം തോന്നിയാണ് പെൺകുട്ടിയും അത് കഴിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്നാണ് കുട്ടിക്ക് വയറ്റിൽ അസ്വസ്ഥതയും വേദനയും തോന്നിയത്. കുട്ടിയുടെ നില സങ്കീർണമാകാതിരിക്കാനായി ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കല്യാണം,ഉത്സവം,ഭക്ഷ്യമേളകള്‍ തുടങ്ങിയ പരിപാടികളില്‍ ലിക്വിഡ് നൈട്രജൻ ചേർത്ത വിഭവങ്ങൾ പലയിടത്തും ഇന്ന് ഉപയോഗിച്ചു വരുന്നുണ്ട്. പ്രത്യേകിച്ചും പുക ബിസ്കറ്റ്,പുക ഐസ്ക്രീം എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.  എന്നാൽ ഇത് കുട്ടികളടക്കമുള്ളവരിൽ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലിക്വിഡ് നൈട്രജന്‍ അടങ്ങിയ ഭക്ഷണം കഴിച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായ നിരവധി കേസുകള്‍  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ൽ ഗുരുഗ്രാമിൽ ലിക്വിഡ് നൈട്രജൻ കലർന്ന  കോക്ടെയ്ൽ കുടിച്ചയാളുടെ ആമാശയത്തിനും ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നു.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 12 കാരിയുടെ ആമാശത്തിൽ ദ്വാരം കണ്ടെത്തിയത്. ലിക്വിഡ് നൈട്രജൻ കഴിക്കുന്നത് മൂലം വായ, തൊണ്ട, അന്നനാളം, ആമാശയ പാളി എന്നിവയിൽ കഠിനമായ പൊള്ളലിനും ദ്വാരമുണ്ടാക്കാനും കാരണമാകും. ഇത് ചർമ്മത്തിലോ കണ്ണുകളിലോ വീണാൽ അവിടെ മരവിക്കാനും കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News