തമിഴ്നാട്ടില്‍ 13 ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവച്ച് എ.ഐ.ഡി.എം.കെയില്‍ ചേര്‍ന്നു
രാജി വച്ച പ്രവര്‍ത്തകര്‍ ചെന്നൈ വെസ്റ്റിലെ ബി.ജെ.പി യൂണിറ്റിന്‍റെ ഭാഗമായിരുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ 13 ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവച്ച് എ.ഐ.ഡി.എം.കെയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി വിഭാഗത്തിന്‍റെ തമിഴ്‌നാട് ഘടകത്തിലെ 13 അംഗങ്ങൾ ബുധനാഴ്ച പാർട്ടി വിട്ടതായി എഎൻ റിപ്പോർട്ട് ചെയ്തു. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ( എ.ഐ.ഡി.എം.കെ)ചേര്‍ന്നു.
രാജി വച്ച പ്രവര്‍ത്തകര്‍ ചെന്നൈ വെസ്റ്റിലെ ബി.ജെ.പി യൂണിറ്റിന്‍റെ ഭാഗമായിരുന്നു.ബി.ജെ.പി ഐടി വിഭാഗം ജില്ലാ പ്രസിഡന്‍റ് അൻപരശൻ, 10 ജില്ലാ സെക്രട്ടറിമാർ, രണ്ട് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരാണ് രാജിവച്ചത്. '' ഞാൻ വർഷങ്ങളോളം ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചു.ഞാനൊരിക്കലും ഒരു പദവിയും പ്രതീക്ഷിച്ചിട്ടില്ലെന്ന് ജനങ്ങൾക്കറിയാം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർട്ടിയിലുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്ത് രാജിവെക്കാൻ തീരുമാനിച്ചു'' അന്‍പരശന്‍ എ.എന്‍.ഐയോട് പറഞ്ഞു.
ബി.ജെ.പി ഐടി വിഭാഗം മേധാവി സിടിആർ നിർമൽ കുമാർ പാർട്ടി വിട്ട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജിയെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം സ്വന്തം കേഡർമാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.പാർട്ടിയുടെ മറ്റ് നാല് ഭാരവാഹികളും തിങ്കളാഴ്ച എ.ഐ.എ.ഡി.എം.കെയിൽ ചേർന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.