'ബെഡ് പെർഫോമൻസ്'; അധ്യാപകർക്കെതിരെ നടപടി, ശമ്പളം വെട്ടിക്കുറച്ചു; വൈറലായി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്
മോശം പ്രകടനം നടത്തിയ 13 അധ്യാപകരുടെ ഒരുദിവസത്തെ ശമ്പളം വെട്ടിക്കുറക്കാനായിരുന്നു ഉത്തരവ്
പട്ന: ചെറിയൊരു അക്ഷരത്തെറ്റ്, പക്ഷേ അതിത്ര പുലിവാലുപിടിക്കുമെന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് ഒരിക്കലും കരുതിയിരുന്നല്ല. ജാമുയിലെ സ്‌കൂൾ അധ്യാപകർക്കെതിരെയെടുത്ത നടപടിയുടെ ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പിനെ സോഷ്യൽമീഡിയ 'എയറിൽ' കയറ്റിയിരിക്കുന്നത്. ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് 13 അധ്യാപകരുടെ ശമ്പളം വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചതിന് കാരണമായി രേഖപ്പെടുത്തിയത് 'ബെഡ് പെർഫോമൻസ്' എന്നാണ്. 'ബേഡ്പെർഫോമൻസ്''എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിച്ചതെങ്കിലും അക്ഷരം ചെറുതായൊന്നു മാറി.
കഴിഞ്ഞദിവസമാണ് ജാമുയി ജില്ലയ്ക്ക് കീഴിലുള്ള വിവിധ സ്‌കൂളുകളിൽ അപ്രതീക്ഷിത പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി അധ്യാപകർ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന് അധികൃതർ കണ്ടെത്തി. നിരവധി അധ്യാപകരുടെ പ്രകടനവും തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. ഈ വിഷയം ഗൗരവമായി എടുത്ത് പ്രാദേശിക ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) 16 അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. മോശം പ്രകടനം നടത്തിയ 13 അധ്യാപകരുടെ ഒരുദിവസത്തെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായി.ഇത് സംബന്ധിച്ചിറക്കിയ ഉത്തരവിലാണ് 'ബേഡ്' എന്നത് 'ബെഡായി' മാറിയത്. ഒന്നല്ല,13 തവണയും ഇതേ വാക്ക് ആവർത്തിക്കുകയും ചെയ്തു.
അധ്യാപകരുടെ മോശം പ്രകടനത്തേക്കാൾ വിദ്യാഭ്യാസ വകുപ്പിന്റെ നിലവാരത്തെയാണ് ഇത് ചോദ്യം ചെയ്തത്. ഉത്തരവിന്റെ പകർപ്പ് സോഷ്യൽമീഡിയയിൽ വൈറലായതോടെ ഡി.ഇ.ഒയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. അച്ചടിപിശകാണ് ഇതിന് കാരണമെന്നാണ് ഡി.ഇ.ഒയുടെ ഓഫീസ് നൽകുന്ന വിശദീകരണം.തെറ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഉത്തരവ് തിരുത്തി നൽകുകയും ചെയ്തു.എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ഡി.ഇ.ഒ തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.