ദലിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെച്ചൊല്ലി തർക്കം; മധ്യപ്രദേശിൽ ശിവരാത്രി ആഘോഷത്തിനിടെ സംഘർഷം, 14 പേർക്ക് പരിക്കേറ്റു
വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവശത്തുനിന്നും ശക്തമായ കല്ലേറുണ്ടാകുകയും ചെയ്തു
ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാനായി ദലിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെചൊല്ലി സംഘർഷം. രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർക്ക് പരിക്കേറ്റു. ഖാർഗോൺ ജില്ലയിലാണ് സംഭവം. സനാവാദിലെ ഛപ്ര ഗ്രാമത്തിൽ മറ്റ് മൂന്ന് സമുദായങ്ങളിൽപ്പെട്ടവർ നിർമ്മിച്ച ശിവക്ഷേത്രത്തിലായിരുന്നു സംഘർഷം നടന്നത്.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഉന്നതജാതിക്കാർ തടഞ്ഞെന്ന് ദലിത് സമുദായ അംഗങ്ങൾ ആരോപിച്ചു. ദലിതർ പ്രാർത്ഥിക്കുന്നതിനെച്ചൊല്ലിയുള്ള വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവശത്തുനിന്നും ശക്തമായ കല്ലേറുണ്ടാകുകയും ചെയ്തു. ഗുർജാർ സമുദായത്തിൽപ്പെട്ടയാളുടെ നേതൃത്വത്തിലുള്ള സംഘം ദലിത് പെൺകുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുകയായിരുന്നെന്ന് ദലിത് സമുദായത്തിലെ പ്രേംലാൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുതിർന്ന പൊലീസ് ഓഫീസർ വിനോദ് ദീക്ഷിത് പറഞ്ഞു. പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംഘം ഗ്രാമം സന്ദർശിക്കുകയും ഇരുകൂട്ടരോടും സംസാരിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആരെയും തടയാനാകില്ലെന്ന് ഇരു കക്ഷികളോടും വിശദീകരിച്ചെന്നും പൊലീസ് ഓഫീസർ വിനോദ് ദീക്ഷിത് പറഞ്ഞു.സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ സംരക്ഷണ നിയമപ്രകാരമുള്ളതുൾപ്പെടെ കണ്ടാലറിയുന്ന 17 പേർക്കും മറ്റ് 25 പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.