ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് 150 കോടി; പിന്നാലെ സാറ്റലൈറ്റ് സ്പെക്‌ട്രത്തിന് യോഗ്യത നേടി ഭാരതി ഗ്രൂപ്പിന്റെ വൺവെബ്

പണം ലഭിച്ച് എട്ട് ദിവസം കഴിഞ്ഞപ്പോൾ സാറ്റലൈറ്റ് സ്പെക്‌ട്രം ലഭിക്കാൻ യോഗ്യത നേടിയ ഏക കമ്പനിയായി വൺവെബ് മാറി

Update: 2024-03-27 16:26 GMT
Advertising

ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് 150 കോടി നൽകിയ ഭാരതി ഗ്രൂപ്പ് നേടിയത് സാറ്റ​ലൈറ്റ് സ്​പെക്ട്രം ലഭിക്കാനുള്ള യോഗ്യത. 2023 നവംബർ ഒമ്പതിന് ഭാരതി എയർടെൽ ലിമിറ്റഡ് 100 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും മുഴുവൻ തുകയും ബി.ജെ.പിക്ക് സംഭാവന നൽകുകയും ചെയ്തു. നവംബർ 13ന് ബി.ജെ.പി എല്ലാ ബോണ്ടുകളും പണമാക്കി മാറ്റി.

എട്ട് ദിവസത്തിന് ശേഷം നവംബർ 21ന് ഇന്ത്യയുടെ ബഹിരാകാശ നിയന്ത്രണത്തിൽനിന്ന് ഉപഗ്രഹ അംഗീകാരം നേടുന്ന ആദ്യ കമ്പനിയായി ഭാരതി ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള വൺവെബ് മാറി. ഇതോടെ സർക്കാറിൽ നിന്ന് സാറ്റലൈറ്റ് സ്പെക്‌ട്രം ലഭിക്കാൻ വൺവെബ് യോഗ്യത നേടി. 2024 ജനുവരിയിൽ ഭാരതി എയർടെൽ ലിമിറ്റഡ് 50 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ കൂടി വാങ്ങി. ജനുവരി 12ന് ബി.ജെ.പി അത് പണമാക്കി മാറ്റുകയും ചെയ്തു.

2023 ഡിസംബറിലാണ് പുതിയ ടെലികമ്മ്യൂണിക്കേഷൻ ബിൽ ലോക്സഭയിൽ പാസാക്കുന്നത്. ദേ​ശ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ടെ​ലി​കോം സേ​വ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​ക്കാ​റി​ന് ഏ​റ്റെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​രി​ഷ്‍കാ​ര​ങ്ങ​ള​ട​ങ്ങി​യതായിരുന്നു ബി​ൽ.

ലേ​ലം ന​ട​ത്താ​തെ സാ​റ്റ​ലൈ​റ്റ് സ്പെ​ക്‌​ട്രം അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ കാര്യങ്ങളാണ് പു​തി​യ നി​യ​മ​ത്തി​ലുള്ളത്. സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാനും ത​ട​സ്സ​പ്പെ​ടു​ത്താനും സ​ർ​ക്കാ​റി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന​തായും ഇതിൽ വ്യ​വ​സ്ഥ​യു​ണ്ട്.

പുതിയ നിയമത്തിന് മുന്നോടിയായി, സാറ്റലൈറ്റ് സ്പെക്ട്രം ലഭിക്കാനുള്ള രണ്ട് കടമ്പകളും ഒരു കമ്പനി മാത്രമാണ് മറികടന്നത്. ഭാരതി ഗ്രൂപ്പിന് കീഴിലെ വൺവെബ് ഇന്ത്യക്ക് സ്പെക്ട്രത്തിന് അപേക്ഷിക്കാൻ ആവശ്യമായ ലൈസൻസും ബഹിരാകാശ അംഗീകാരവും ലഭിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂട്ടെൽസാറ്റ് വൺവെബിൻ്റെ അന്താരാഷ്ട്ര ഉപഗ്രഹ കമ്പനിയുടെ ഇന്ത്യൻ ഉപസ്ഥാപനമാണ് വൺവെബ് ഇന്ത്യ. യൂട്ടെൽസാറ്റ് വൺവെബിൻ്റെ ഏറ്റവും വലിയ ഓഹരി ഉടമ ടെലികോം സേവന ദാതാവായ എയർടെല്ലിൻ്റെ മാതൃ കമ്പനിയായ ഭാരതി എൻ്റർപ്രൈസസ് ആണ്.

2021 ആഗസ്റ്റ് 24നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽനിന്ന് സാറ്റലൈറ്റ് ലൈസൻസ് മുഖേനയുള്ള ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻസ് ലഭിക്കുന്ന ആദ്യത്തെ കമ്പനിയായി വൺവെബ് മാറിയത്. 2023 നവംബർ 21ന്, ഇന്ത്യൻ നാഷനൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ ‘ഇൻ-സ്‌പേസ് സാറ്റലൈറ്റ് കപ്പാസിറ്റി’ ഉപയോഗിക്കാൻ അംഗീകാരം നൽകി. ഇതുവരെ ഈ അംഗീകാരം ലഭിച്ച ഒരേയൊരു കമ്പനിയാണിത്.

ഭാരതി എൻ്റർപ്രൈസസിന് പുറമേ ബ്രിട്ടീഷ് സർക്കാർ, ഫ്രഞ്ച് സാറ്റലൈറ്റ് ദാതാവായ യൂട്ടെൽസാറ്റ്, ജാപ്പനീസ് ഇൻവെസ്റ്റ്മെൻ്റ് ബാങ്ക് സോഫ്റ്റ്ബാങ്ക് എന്നിവയും വൺവെബിന്റെ ഓഹരി ഉടമകളിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ വൺവെബ് സാറ്റ​ലൈറ്റ് സ്​പെക്ട്രം ലഭിക്കാനുള്ള യോഗ്യത നേടിയത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സുരക്ഷ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്‌ലൗണ്ട്രി, സ്‌ക്രോൾ, ദി ന്യൂസ് മിനിറ്റ് എന്നീ മാധ്യമസ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന സഹകരണ പദ്ധതിയുടെ ഭാഗമായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News