ഈ വര്‍ഷം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത് 1.62 കോടി പേര്‍; സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്
2022 ജനുവരി മുതല്‍ ഇതുവരെ കശ്മീരിലെത്തിയ വിനോദസഞ്ചാരികളുടെ കണക്കാണിത്
ജമ്മു: വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ജമ്മു കശ്മീര്‍. കോവിഡ് തരംഗം ഒന്നടങ്ങിയതിനു ശേഷം ജമ്മുകശ്മീരിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 1.62 കോടി പേര്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
2022 ജനുവരി മുതല്‍ ഇതുവരെ കശ്മീരിലെത്തിയ വിനോദസഞ്ചാരികളുടെ കണക്കാണിത്. ''മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ കശ്മീർ ആകർഷിക്കുന്നു. ഇത് കശ്മീർ ടൂറിസത്തിന്‍റെ സുവർണ കാലഘട്ടത്തിന്‍റെ തിരിച്ചുവരവാണ്'' ടൂറിസം അധികൃതര്‍ പറയുന്നു. 3.65 ലക്ഷം അമർനാഥ് യാത്രക്കാർ ഉൾപ്പെടെ 20.5 ലക്ഷം വിനോദസഞ്ചാരികൾ ആദ്യത്തെ എട്ട് മാസങ്ങളില്‍ കശ്മീരിലെത്തി. പഹൽഗാം, ഗുൽമാർഗ്, സോനാമാർഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ശ്രീനഗറിലെ എല്ലാ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞതായും ടൂറിസം വക്താവ് അറിയിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം സിനിമാ നിർമാതാക്കളെ ചിത്രീകരണത്തിനായി ആകർഷിക്കുന്നതിനായി ഒരു സമഗ്ര ഫിലിം പോളിസി ആരംഭിച്ചതായും ഈ നയം വിജ്ഞാപനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ സിനിമകൾക്കും വെബ് സീരീസുകൾക്കുമായി 140 ഷൂട്ടിംഗ് അനുമതികൾ നൽകിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
വൈകാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിലിം സ്റ്റുഡിയോ ആരംഭിക്കും. ഇത് ജമ്മു കശ്മീരിലെ യുവ പ്രതിഭകൾക്ക് പുതിയ അവസരങ്ങൾ നൽകുന്നതിന് പുറമെ പ്രദേശത്തിന്‍റെ ബിസിനസ് ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി മൂലം കശ്മീര്‍ ടൂറിസത്തിന് തിരിച്ചടികള്‍ നേരിട്ടെങ്കിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് തൊഴിൽ നൽകുന്നതിനും യു.ടി ഭരണകൂടം മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വക്താവ് വ്യക്തമാക്കി. പൂഞ്ച്, രജൗരി, ജമ്മു, കശ്മീർ താഴ്‌വര എന്നിവയുൾപ്പെടെ ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാരം പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.