18 മുതൽ ആഭ്യന്തര വിമാന സർവീസ് പൂർണ്ണതോതിൽ
കഴിഞ്ഞ വർഷം മേയിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്
ഈ മാസം 18 മുതൽ ആഭ്യന്തര സർവീസ് പൂർണ്ണതോതിലാവുമെന്ന് വ്യോമയാന മന്ത്രാലയം. മുഴുവൻ യാത്രക്കാരുമായി 18 മുതൽ സർവീസ് നടത്താനാകും. കഴിഞ്ഞ വർഷം മേയിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്. ഇതുവരെ 85 ശതമാനം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസിൽ അനുവദിക്കപ്പെട്ടിരുന്നത്.
2020 മേയ് 25 മുതലാണ് കോവിഡിന് മുമ്പുള്ളതിന്റെ മൂന്നിലൊന്ന് യാത്രക്കാരുമായി സർവീസ് അനുമതി നൽകിയത്. പിന്നീട് കോവിഡ് സാഹചര്യം അനുസരിച്ച് പടിപടിയായി കൂടുതൽ സീറ്റുകൾ ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു. ആഭ്യന്തര വിമാന സർവീസ് കപ്പാസിറ്റി ആഗസ്ത് 12 നും സെപ്തംബർ 18 നുമിടയിൽ 72.5 ഉം ജൂലൈ അഞ്ചിനും ആഗസ്ത് 12 നുമിടയിൽ 65 ശതമാനമായിരുന്നു. ജൂൺ ഒന്നിനും ജൂലൈ അഞ്ചിനുമിടയിൽ 50 ശതമാനമായിരുന്നിത്. ഇപ്പോൾ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചിരിക്കുകയാണ്.
അടുത്ത മാസം അവസാനത്തോടെ വരുന്ന വിൻറർ ഷെഡ്യൂളിൽ കോവിഡ് പരിമിതിക്കകത്ത് നിന്ന് തന്നെ പരമാവധി സൗകര്യം നൽകുകയാണ്. എന്നാൽ രണ്ടു മണിക്കൂറിൽ താഴെയുള്ള യാത്രകളിൽ ഭക്ഷണം വിതരണം ചെയ്യില്ല. ആഭ്യന്തര വിമാന സർവീസിലെ അതികായരായ ടാറ്റാ ഗ്രൂപ്പിന്റെ താജ് സാറ്റ്‌സ് എല്ലാ വിമാനങ്ങളിലും ഭക്ഷണം അനുവദിക്കാൻ അഭ്യർത്ഥിച്ചിരുന്നു. വിമാനങ്ങളിൽ കാറ്ററിംഗ് സർവീസ് നടത്തുന്നവരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.