'തർക്കത്തിലുള്ള ഒരു കെട്ടിടത്തേയും പള്ളിയെന്ന് വിളിക്കരുത്': യോ​ഗി ആദിത്യനാഥ്

ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് യോഗിയുടെ പരാമർശം

Update: 2025-01-10 16:07 GMT
Advertising

ലഖ്നോ: തർക്കത്തിലുള്ള ഒരു കെട്ടിടത്തേയും പള്ളിയെന്ന് വിളിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംഭലിലെ ശാഹി ജമാ മസ്ജിദ് തർക്കത്തെ ചൂണ്ടിക്കാട്ടിയായിരുന്നു യോ​ഗിയുടെ പരാമർശം. ഒരു സ്വകാര്യ മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. തർക്ക സ്ഥലങ്ങളിലെ ആരാധന ദൈവത്തിന് സ്വീകാര്യമല്ലെന്നും ഇസ്‌ലാമിക തത്വങ്ങൾക്ക് അനുസൃതമല്ലെന്നും യോ​ഗി കൂട്ടിച്ചേർത്തു.

'ഒരു വിവാദ നിർമിതിയെയും പള്ളി എന്ന് വിളിക്കരുത്. ആ വിളി നിർത്തുന്ന ദിവസം ആളുകൾ അവിടെ പോകുന്നതും നിർത്തും. അത്തരം സ്ഥലങ്ങളിൽ പള്ളി നിർമിക്കുന്നതിനും മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതിനും എതിരാണെന്ന് ഇസ്‌ലാം പറയുന്നു. ദൈവം അംഗീകരിക്കുന്നില്ലെങ്കിൽ, നമ്മൾ എന്തിനാണ് ഇത്തരം ആരാധനയിൽ ഏർപ്പെടുന്നത്?'- യോ​ഗി പറഞ്ഞു. ശാഹി ജമാ മസ്ജിദ് പോലെയുള്ള തർക്കസ്ഥലങ്ങളിൽ ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ലെന്നും ഇസ്‌ലാം അനുയായികൾ സത്യം അം​ഗീകരിക്കണമെന്നും യോ​ഗി പറഞ്ഞു.

അതേസമയം, ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും പ്രദേശത്ത്​ ഐക്യം നിലനിർത്തണമെന്നും സുപ്രിംകോടതി അറിയിച്ചു. കിണര്‍ ക്ഷേത്രത്തിന്റേതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി വ്യക്​തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്​. രണ്ടാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും അധികൃതർക്ക് നിർദേശം നൽകി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News