നഴ്‌സുമാരും കർഷകരുമടക്കം 1,800 വിശിഷ്ടാതിഥികൾ, സെൽഫി മത്സരം; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി തലസ്ഥാനം
സെൻട്രൽ വിസ്ത പദ്ധതിയുടെ 50 നിർമ്മാണ തൊഴിലാളികൾക്കും പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്,
ഡൽഹി: ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി. 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. നഴ്‌സുമാരും കർഷകരും ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു. അൻപത് നഴ്‌സുമാരും അവരുടെ കുടുംബങ്ങളും പ്രത്യേക ക്ഷണപ്രകാരം ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
ചെങ്കോട്ടയിൽ പുഷ്‌പാലങ്കാരങ്ങൾ പൂർത്തിയായി. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ഈ വർഷത്തെ പ്രധാന സവിശേഷതയാണ്. പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് 21 തോക്ക് സല്യൂട്ട്, ചെങ്കോട്ടയിൽ പതിവ് പ്രസംഗം എന്നിവ നടക്കും. ശേഷം രാജ്യത്തുടനീളമുള്ള എൻസിസി കേഡറ്റുകൾ ആലപിക്കുന്ന ദേശീയ ഗാനത്തോടെ ചടങ്ങിന് സമാപനമാകും.
ഭരണത്തിൽ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ "ജൻ ഭാഗിദാരി" പ്രേരണയുടെ ഭാഗമായാണ് 'വിശിഷ്‌ട അതിഥികളെ' ക്ഷണിച്ചിരിക്കുന്നത്. 660ലധികം ഗ്രാമങ്ങളിലെ 400ലധികം സർപഞ്ചുമാർക്കും ക്ഷണമുണ്ട്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേരെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതവും പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതിയുടെ 50 ശ്രമ യോഗികൾ (നിർമ്മാണ തൊഴിലാളികൾ) എന്നിവർ പ്രത്യേക ക്ഷണം കിട്ടിയവരിൽ ഉൾപ്പെടുന്നു.
കൂടാതെ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്പതിമാരെയും ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 മുതൽ 20 വരെ MyGov പോർട്ടലിൽ പ്രതിരോധ മന്ത്രാലയം ഒരു ഓൺലൈൻ സെൽഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നാഷണൽ വാർ മെമ്മോറിയൽ, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാനം, രാജ് ഘട്ട്, ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ എന്നിവയുൾപ്പെടെ 12 സ്ഥലങ്ങളിൽ സെൽഫി പോയിന്റുകൾ സ്ഥാപിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി 12 സെൽഫി പോയിന്റുകളിൽ ഒന്നോ അതിലധികമോ സെൽഫികൾ എടുത്ത് MyGov പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യണം. ഓരോ ഇൻസ്റ്റാളേഷനിൽ നിന്നും ഒരാൾ വീതം 12 വിജയികളെ തിരഞ്ഞെടുക്കും, 10,000 രൂപ വീതവുമാണ് സമ്മാനത്തുക.