പുഷ്പ 2 റിലീസ് തിരക്ക്; മരിച്ച യുവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 20 കോടി നല്‍കണമെന്ന് തെലങ്കാന മന്ത്രി
ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നടന്‍ അല്ലു അര്‍ജുന്‍ 20 കോടി നല്‍കണമെന്ന് തെലങ്കാന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട്. ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ താരം സിനിമയുടെ പ്രീമിയറിൽ പങ്കെടുക്കാൻ എത്തിയതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്.
ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നടനെ രൂക്ഷമായി വിമര്‍ശിച്ച കോമതിറെഡ്ഡി മുന്നറിയിപ്പ് നല്‍കിയിട്ടും സ്ഥലത്തെത്തിയത് ശരിയായില്ലെന്നും കുറ്റപ്പെടുത്തി. അല്ലു തിയറ്ററില്‍ എത്തിയതാണ് അനിയന്ത്രിതമായ തിരക്കിനും യുവതിയുടെ മരണത്തിനും കാരണമായതെന്നും ആരോപിച്ചു. ''പുഷ്പ 2 ബോക്സോഫീസില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. കലക്ഷനിൽ നിന്ന് 20 കോടി രൂപ എടുത്ത് യുവതിയുടെ കുടുംബത്തെ സഹായിക്കുക എന്നതാണ് അല്ലു അർജുന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം,” കോമതിറെഡ്ഡി പറഞ്ഞു. നിയമസഭാ സമ്മേളനത്തിനിടെയും സിനിമാ മന്ത്രി കൂടിയായ റെഡ്ഡി അല്ലു അര്‍ജുനെ വിമര്‍ശിച്ചു. നടൻ സർക്കാരിനോടും മുഖ്യമന്ത്രിയോടും ബഹുമാനം കാണിക്കണമെന്ന് പറഞ്ഞ മന്ത്രി അല്ലു അർജുൻ സർക്കാരിനോടും മുഖ്യമന്ത്രിയോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ കഴിഞ്ഞ ആഴ്ച പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ശ്രീതേജ് എന്ന 9 വയസുകാരനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. മരിച്ച രേവതിയുടെ മകനാണ് ശ്രീതേജ്. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്.
ഡിസംബർ നാലിന്, ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ചിത്രത്തിന്‍റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. തിയറ്ററിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചു.
സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. തുടര്‍ന്ന് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയുമുണ്ടായി. താരത്തിന്‍റെ അറസ്റ്റ് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതിനിടെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ കാണാൻ അല്ലു അർജുൻ എത്തിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാൽ നിലവിൽ കേസ് നിലനിൽക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്ന് നടന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം താരത്തിനെതിരെ ഹൈദരാബാദ് പൊലീസും രംഗത്തെത്തി. തിരക്ക് നിയന്ത്രണാതീതമാണെന്നും ഒരാൾ മരിച്ചെന്നും അറിയിച്ചിട്ടും തിയറ്റർ വിടാൻ അല്ലു അർജുൻ തയ്യാറായില്ലെന്നാണ് ആരോപണം. അർധരാത്രി വരെ അല്ലു അർജുൻ തിയറ്ററിൽ തന്നെ തുടർന്നു. വീഡിയോ തെളിവുകൾ ഉൾപ്പടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസിന്‍റെ ആരോപണം.