ആന്ധ്ര, തെലങ്കാന വെള്ളപ്പൊക്കത്തിൽ മരണം 19 ആയി; 20,000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു, 140 ട്രെയിനുകൾ റദ്ദാക്കി
വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 6,000ത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
അമരാവതി/ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുന്നു. രണ്ട് ദിവസത്തിനിടെ 19 പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ഒമ്പതു പേർക്കും തെലങ്കാനയിൽ 10 പേർക്കുമാണ് ജീവൻ നഷ്ടമായത്.
ആന്ധ്രയിലെ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ ഒഴുകിപ്പോയതായി സംശയിക്കുന്നതായും തെലങ്കാനയിൽ ഒരാളെ കാണാതായതായും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് 20,000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. 140 ട്രെയിനുകൾ റദ്ദാക്കുകയും 97 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 6,000ത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തുടനീളം കനത്ത നാശമാണ് വിതയ്ക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. ന്യൂനമർദത്തെ തുടർന്നാണ് ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഗതാഗതം താറുമാറാവുകയും വിവിധ റോഡുകൾ അടച്ചിടുകയും ചെയ്തു. ഇതോടെ നിരവധി പ്രദേശങ്ങൾക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെടാനും കാരണമായി.
ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളപ്പൊക്കം അതിശക്തമായ ആന്ധ്രയിലെ വിജയവാഡയിൽ മാത്രം 2.76 ലക്ഷം ആളുകളെയാണ് ദുരിതം ബാധിച്ചത്. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലും കനത്ത മഴ തുടരുകയാണ്. നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഹൈദരാബാദ് ജില്ലയിൽ സെപ്തംബർ രണ്ടിന് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 26 സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ബോട്ടുകൾ, വിവിധതരം യന്ത്രങ്ങൾ, അടിസ്ഥാന വൈദ്യസഹായ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ ആരാഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും മോദി ഇരു മുഖ്യമന്ത്രിമർക്കും ഉറപ്പ് നൽകി.