കുഞ്ഞിക്കൈയിൽ വിരിഞ്ഞത് വർണചിത്രങ്ങൾ; രണ്ടരവയസുകാരി സ്വന്തമാക്കിയത് ലോക റെക്കോർഡ്
ഏറ്റവും കൂടുതല്‍ പെയിന്റിങ്ങുകള്‍ വരക്കുന്ന കൊച്ചുകുട്ടിയെന്ന നേട്ടമാണ് അൻവി വിശേഷ് അഗർവാൾ സ്വന്തമാക്കിയത്
ഭുവനേശ്വര്‍: നിറങ്ങൾ മുഴുവനായി തിരിച്ചറിയാത്ത പ്രായത്തിൽ രണ്ടരവയസുകാരി ചിത്രംവരച്ച് നേടിയത് ലോകറെക്കോർഡ്. ഭുവനേശ്വരിൽ നിന്നുള്ള അൻവി വിശേഷ് അഗർവാൾ എന്ന രണ്ടര വയസ്സുകാരിയാണ് 72 ഓളം പെയിന്റിംഗുകൾ വരച്ച് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് റെക്കോർഡിലും ലണ്ടൻ ബുക്ക് റെക്കോർഡിലും ഇടം നേടിയത്. ഒരു കൊച്ചുകുട്ടി വരച്ച ഏറ്റവും കൂടുതൽ പെയിന്റിംഗുകളാണ് ഇത്.
ഒമ്പത് മാസം പ്രായമുള്ളപ്പോൾ തന്നെ അൻവി ചായക്കൂട്ടുകളുടെ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങിയിരുന്നു. ഇതിന് പുറമെ ഹെയർ കോംപ് ടെക്‌സ്ചർ, റിഫ്‌ളക്ഷൻ ആർട്ട്, റീസൈക്ലിംഗ് ഓൾഡ് ടോയ്‌സ്,ഹ്യൂമൻ സ്‌പൈറോഗ്രാഫി, ഡൈ സ്പ്രേ പെയിന്റിങ്, മാഗ്നറ്റ് ബബിൾ പെയിന്റിങ് തുടങ്ങി 37 ഓളം കലാമേഖലകളിലും അൻവി തന്റെ കളിവ് തെളിയിച്ചിട്ടുണ്ട്. പെയിന്റിങ്ങിന് പുറമെ സ്പാനിഷ് ഭാഷ സംസാരിച്ചതിന് ഇന്ത്യ ബുക്ക് റെക്കോഡും ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഈ പ്രായത്തിൽ തന്നെ ഫൊണിക്സിൽ 42 ശബ്ദങ്ങൾ തിരിച്ചറിയാനും ഈ കുഞ്ഞിന് കഴിയും.
'കോവിഡ് സമയത്ത് കുട്ടികളെ ഒരേസമയം കളിപ്പിക്കാനും പഠിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്നാലും മകളുടെ താൽപര്യവും കഠിനാധ്വാനവുമാണ് രണ്ടരവയസ്സുള്ളപ്പോൾ ഈ നേട്ടം സ്വന്തമാക്കാൻ അവൾക്ക് സാധിച്ചതെന്ന്' അൻവിയുടെ അമ്മ എ.എൻ.ഐയോട് പറഞ്ഞു. 'മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങളുടെ മകളുടെ കഴിവിൽ അഭിമാനിക്കുന്നതായി പിതാവ് പറഞ്ഞു. അവളുടെ ഇഷ്ടത്തിനൊപ്പം പൂർണമനസോടെ കൂടെ നിൽക്കുമെന്നും' പിതാവ് വിശേഷ് അഗർവാൾ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.