മെയ്തെയ് ഗ്രാമങ്ങളിൽ ഡ്രോണ്‍ ഉപയാഗിച്ച് ബോംബേറ്; മണിപ്പൂരില്‍ ജാഗ്രതാ നിര്‍ദേശം
പ്രശ്‌നബാധിത മേഖലകളിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദേശം
ഇംഫാല്‍: കുക്കി- മെയ്തെയ് സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രതാ നിർദേശം. പ്രശ്‌നബാധിത മേഖലകളിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദേശം .
ഇംഫാൽ വെസ്റ്റിലെ അക്രമത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. മെയ്തെയ് ഗ്രാമങ്ങളിൽ കുക്കികൾ ബോംബിട്ടത് ഡ്രോൺ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. മണിപ്പൂരിൽ ഇന്നലെ ഉണ്ടായ വെടിവെപ്പിലും ഡ്രോൺ ആക്രമണത്തിലും ഒരു സ്ത്രീ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ഇൻഫാൽ ജില്ലയിലെ ഗ്രാമങ്ങളിലാണ് ആയുധധാരികളായ സംഘം എത്തി വെടിവെപ്പും ബോംബ് സ്ഫോടനവും നടത്തിയത്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. മണിപ്പൂരിൽ ആദ്യമായിട്ടാണ് ഡ്രോൺ മുഖേനയുള്ള ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. കൂട്രുകിലെ നിരായുധരായ ഗ്രാമീണർക്ക് നേരെ നടന്ന ആക്രമണം അപലപനീയമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.
സാധാരണക്കാരായ മനുഷ്യർക്കെതിരെയുള്ള ഇത്തരം നടപടിയെ സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാനത്ത് ക്രമ സമാധാനം തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സർക്കാർ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിന് പുറമേ കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കാങ്‌പോക്പിയിലാണ് സായുധ സംഘങ്ങൾ തമ്മിൽ ആദ്യം വെടിവെപ്പുണ്ടായത്. പിന്നാലെ രാത്രിയോടെയാണ് ഇൻഫാൽ വെസ്റ്റിലും ആക്രമണം ഉണ്ടായത്.