ബൈക്കിടിപ്പിച്ച് തെറിപ്പിച്ച് ബ്രിജ് ഭൂഷന്റെ ബിജെപി സ്ഥാനാർഥിയായ മകന്റെ അകമ്പടി വാഹനം; 17കാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം
കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലഖ്നൗ: ലൈംഗികപീഡനക്കേസ് പ്രതിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ മകനും ബിജെപി സ്ഥാനാർഥിയുമായ കരൺ ഭൂഷൺ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് 17കാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ടയിൽ കോളോണിൽഗഞ്ച്- ഹുസൂർപൂർ റോഡിൽ ബൈകുന്ത് ഡിഗ്രി കോളജിന് സമീപം ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. അപകടത്തിൽ വയോധികയ്ക്ക് പരിക്കേറ്റു.
17കാരൻ രെഹാൻ, 24കാരനും ബന്ധുവുമായ ഷെഹ്സാദ് എന്നിവരാണ് മരിച്ചത്. ഷെഹ്സാദാണ് ബൈക്കോടിച്ചിരുന്നത്. കേണൽഗഞ്ച് പ്രദേശത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കൈസർഗഞ്ച് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി കരൺ സിങ്ങിന്റെ വാഹനവ്യൂഹത്തിലെ ടോയോട്ട ഫോർച്യൂണർ കാർ ഇടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കൗമാരക്കാരന്റെ കുടുബത്തിന്റെ പരാതിയിൽ കോളോണിൽഗഞ്ച് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പതു മണിയോടെ തൻ്റെ മകൻ റെഹാനും അനന്തരവൻ ഷഹ്‌സാദും മരുന്ന് വാങ്ങാൻ ബൈക്കിൽ പോവുമ്പോൾ എതിർവശത്ത് നിന്ന് അമിതവേഗത്തിൽ വന്ന എസ്‌യുവി കാർ ഇടിക്കുകയായിരുന്നു എന്ന് പരാതിക്കാരിയായ ചന്ദാ ബീഗം പറഞ്ഞതായി എഫ്ഐആർ വ്യക്തമാക്കുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സീതാദേവി എന്ന 60കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് വൻ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. എന്നാൽ പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും അഡീഷണൽ എസ്പി രാധേഷാം റായ് പറഞ്ഞു. അതേസമയം, അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിൽ കരണിനെ കുറിച്ച് പൊലീസ് പരാമർശിക്കുന്നില്ല. സംഭവത്തിൽ നീതിയാവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി.
കാറിന്റെ പിൻഗ്ലാസിൽ 'പൊലീസ് എസ്കോർട്ട്' എന്ന് എഴുതിയിരിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. UP32HW1800 നമ്പരിലുള്ള കാർ, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ കുടുംബം നടത്തുന്ന നന്ദിനി നഗർ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസരം നഷ്ടമായിരുന്നു. ഇയാൾക്ക് പകരം മകനായ കരൺ സിങ്ങിന് ടിക്കറ്റ് നൽകുകയാണ് ബിജെപി ചെയ്തത്. പീഡനക്കേസിൽ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ അടുത്തിടെ ഡൽഹി കോടതി ലൈംഗികാതിക്രമക്കുറ്റം ചുമത്തിയിരുന്നു. ബ്രിജ് ഭൂഷന്റെ മറ്റൊരു മകൻ പ്രതീക് ഭൂഷൺ സിങ് ഗോണ്ടയിൽ നിന്നുള്ള എംഎൽഎയാണ്. മെയ് 20നാണ് കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.