ഷോപിയാനിൽ ഭീകരാക്രമണം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു
പ്രദേശവാസികൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഭീകരാക്രമണത്തിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപിയാനിലെ ഹാർമേനിൽ ആണ് സംഭവം. പ്രദേശവാസികൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു.
മനീഷ് കുമാർ, രാം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. ഷെഡിൽ അഞ്ചോളം തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ഇവർ രക്ഷപെട്ടു. ഉത്തർപ്രദേശിലെ കനൂജ് ജില്ലക്കാരാണ് ഇരുവരും. ആക്രമണത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു.
സംഭവത്തിൽ ഒരാൾ കശ്മീർ സോൺ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കശ്മീർ എഡിജിപി അറിയിച്ചു.
ഷോപിയാനിൽ സാധാരണക്കാർക്ക് നേരെ ഒരാഴ്ചക്കിടെ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബർ 15 ശനിയാഴ്ച ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീർ പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു.