മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; കൂടുതൽ നേതാക്കൾ കോൺ​ഗ്രസിലേക്ക്; സിന്ധ്യക്കെതിരെ രൂക്ഷ വിമർശനം

കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പ്രതിരോധത്തിലാക്കിയാണ് നേതാക്കളുടെ കൂടുമാറ്റം.

Update: 2023-09-02 14:51 GMT
Advertising

ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപിക്ക് തിരിച്ചടിയായി കോൺ​ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവുമൊടുവിൽ രണ്ട് സുപ്രധാന നേതാക്കളാണ് ബിജെപിയിൽ നിന്ന് രാജിവച്ച് കോൺ​ഗ്രസിൽ അം​ഗത്വമെടുത്തത്. കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പ്രതിരോധത്തിലാക്കിയാണ് നേതാക്കളുടെ കൂടുമാറ്റം.

കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ എന്നിവരുൾപ്പെടെ നിരവധി ശക്തരായ ബിജെപി നേതാക്കളുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ നിന്നാണ് പലരും പാർട്ടി വിട്ടത്. മുൻ എംഎൽഎമാരായ ​ഗിരിജ ശങ്കർ ശർമ, വീരേന്ദ്ര രഘുവംശി എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ ബിജെപിയിൽ നിന്ന് രാജിവച്ചത്. സിന്ധ്യയെയും വിശ്വസ്തരെയും കുറ്റപ്പെടുത്തിയാണ് ഇരു നേതാക്കളുടേയും രാജി.

രണ്ട് തവണ എംഎൽഎയായ ഗിരിജ ശങ്കർ ശർമയുടെ കുടുംബം പതിറ്റാണ്ടുകളായി ബിജെപിയുമായി ബന്ധമുള്ളവരാണ്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം പാർട്ടി വിട്ടത്. ഹോഷംഗബാദ് നിയമസഭാ സീറ്റിൽ നിന്നും ഗിരിജ ശങ്കറും സഹോദരൻ സീതാസരൺ ശർമയും 1990 മുതൽ തുടർച്ചയായി ഏഴ് തവണ വിജയിച്ചിരുന്നു. മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ബിജെപി അവഗണിക്കുകയാണെന്ന് ശർമ ആരോപിച്ചു.

നിലവിലെ സർക്കാരിന്റെ തിരിച്ചുവരവ് സംസ്ഥാനം ആ​ഗ്രഹിക്കുന്നില്ല എന്നതിനാൽ ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുടെ പരാജയം താൻ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവപുരി ജില്ലയിലെ ​കോലാറസ് എംഎൽഎയായ വീരേന്ദ്ര രഘുവംശി രാജിവച്ചതിനു പിന്നാലെയാണ് ശർമയും പാർട്ടി വിട്ടത്. സിന്ധ്യയുമായി അടുപ്പമുള്ള നേതാക്കളും മന്ത്രിമാരും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പാർട്ടിയിൽ ദീർഘകാലമായി തുടരുന്ന ആളുകളെ പീഡിപ്പിക്കുകയാണെന്നും രഘുവംശി ആരോപിച്ചു.

ശനിയാഴ്ച പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ സാന്നിധ്യത്തിലാണ് രഘുവംശി കോൺഗ്രസിൽ ചേർന്നത്. 2003ൽ ആദ്യമായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ വീരേന്ദ്ര രഘുവംശി കോൺഗ്രസിനൊപ്പമായിരുന്നു. 2013ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2018ൽ കോലാറസിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും അംഗമായിരുന്നു.

'പഴയ ബിജെപി പ്രവർത്തകരെയും നേതാക്കളെയും സിന്ധ്യയും സംഘവും തുടർച്ചയായി ഉപദ്രവിക്കുന്നതിനും പീഡിപ്പിക്കുന്നതിനും എതിരെ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്ത് സമ്മർദത്തിലാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ'-  രഘുവംശി പ്രതികരിച്ചു.

'മൂന്നര വർഷം മുമ്പ് സിന്ധ്യ തന്റെ വിശ്വസ്തർക്കൊപ്പം എത്തിയതിന് ശേഷം എന്തുകൊണ്ടാണ് ബിജെപിക്കുള്ളിൽ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതെന്ന് അറിയില്ല. താൻ ജയ്ഭാൻ സിങ് പവയ്യയ്ക്കും കെ.പി യാദവിനുമായി പ്രവർത്തിച്ചതുകൊണ്ടാകാം ഇത് സംഭവിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ സിന്ധ്യ വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി അറിയപ്പെട്ടവരാണ് ഇരു നേതാക്കളും.

അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് ആളുകൾ വന്നു പോവുക സ്വാഭാവികമാണെന്നും ജനാധിപത്യത്തിൽ എല്ലാവർക്കും സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ടെന്നുമായിരുന്നു നേതാക്കളുടെ രാജിയോട് സിന്ധ്യയുടെ പ്രതികരണം. 2020ലാണ് 22 എംഎൽഎമാരുമായി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്.

ഇതോടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീഴുകയും ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുകയുമായിരുന്നു. കഴിഞ്ഞയാഴ്ചയും സുപ്രധാന ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നിരുന്നു. ബിജെപിയിലെ മുതിർന്ന നേതാവ് നീരജ് ശർമ ഉൾപ്പെടെയുള്ളവരാണ് രാജി വച്ച് കോൺ​ഗ്രസിൽ ചേർന്നത്.

നീരജ് ശർമയെ കൂടാതെ, മധ്യപ്രദേശ് മുൻ ഗവർണറുടെ മരുമകൾ രാംനരേഷ് യാദവ്, റോഷ്‌നി യാദവ്, ശിവപുരിയിൽ നിന്നുള്ള ജിതേന്ദ്ര ജെയിൻ ഗോട്ടു, ദാതിയയിൽ നിന്നുള്ള രാജു ദാംഗി എന്നിവരും കോൺഗ്രസിൽ അം​ഗത്വമെടുത്തിരുന്നു. സിന്ധ്യക്കൊപ്പം ബിജെപിയിലെത്തിയ 22 എംഎൽഎമാരിൽ ഒരാളും വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെയും പാർട്ടിയിൽ തിരികെയെത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News