ഛത്തീസ്ഗഡിൽ കന്നുകാലികളുമായി പോയ രണ്ടുപേരെ ഗോസംരക്ഷണ സേന മർദിച്ചു കൊന്നു

എനിക്ക് ഒരു കവിൾ വെള്ളം തരൂ, കൈയും കാലും ഒടിഞ്ഞു ഇനി എന്നെ അടിക്കരുതെന്ന് കരഞ്ഞുകൊണ്ട് ഖുറേഷി അ​പേക്ഷിക്കുന്നത് ​കേൾക്കാമായിരുന്നുവെന്ന് ബന്ധു പറഞ്ഞു

Update: 2024-06-08 06:37 GMT
ഛത്തീസ്ഗഡിൽ കന്നുകാലികളുമായി പോയ രണ്ടുപേരെ ഗോസംരക്ഷണ സേന മർദിച്ചു കൊന്നു
AddThis Website Tools
Advertising

റായ്പൂർ: ഛത്തീസ്ഗഡിൽ കന്നുകാലികളുമായി പോയവർക്ക് നേരെ നടന്ന  ഗോസംരക്ഷണ സേന നടത്തിയ ആക്രമണത്തിൽ യു.പി സ്വദേശികളായ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതര പരിക്കോടെ ചികിത്സയിൽ. ഗുഡ്ഡു ഖാൻ (35), ചന്ദ് മിയഖാൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി (23) യാണ് ഗുരുതര പരിക്കോ​ടെ ചികിത്സയിൽ കഴിയുന്നത്. പശുക്കടത്താണെന്നാരോപിച്ചായിരുന്നു ക്രൂരമർദനം.

വെള്ളിയാഴ്ച പുലർച്ചെ ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലൂടെ കന്നുകാലികളുമായി പോയ സംഘത്തെ അജ്ഞാതരായ പന്ത്രണ്ടോളം പേർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കി. തുടർന്ന് പൊലീസാണ് രണ്ടുപേരും കൊല്ലപ്പെട്ടുവെന്ന വിവരം അറിയിച്ചതെന്നും കുടുംബം പറഞ്ഞു. പാലത്തിന് താഴെയുള്ള പാറക്കെട്ടുകൾക്ക് മുകളിൽ വീണ് ഗുരുതര പരിക്കേറ്റ നിലയിലാണ് മൂന്നുപേരെയും കണ്ടെത്തിയത്. ഒരാൾ സംഭവസ്ഥലത്ത് മരിച്ച നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചയുടനെയാണ് രണ്ടാമൻ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ സദ്ദാം ഖുറേഷിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ചിലർ അവരെ പിന്തുടരുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചതിന് പിന്നാ​​ലെയാണ് പരിശോധന നടത്തുന്നത്. മഹാനദി പാലത്തിന് താഴെയാണ് മൂന്നുപേരെയും കണ്ടെത്തുന്നത്. ഒരാൾ മരിച്ച നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ മഹാസമുന്ദിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ചാണ് രണ്ടാമത്തെയാൾ മരിച്ചതെന്ന് റായ്പൂർ ജില്ലയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് പറഞ്ഞു. പാലത്തിൽ കന്നുകാലികളുമായുള്ള ഒരു വാഹനം കണ്ടെത്തിയെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഖുറേഷിയുടെയും ചന്ദിന്റെയും ബന്ധുക്കൾ പറയുന്നത് ഇങ്ങനെയാണ്. വെള്ളിയാഴ്ച പുലർച്ചെ 2 നും 4 നും ഇടയിൽ ഇരുവരും വീട്ടിലേക്ക് വിളിച്ചു തങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു. പുലർച്ചെ രണ്ട് മണിയോടെ വിളിച്ച് ചന്ദ് അവരുടെ വാഹനം തടഞ്ഞുനിർത്തി ഒരുവിഭാഗം തങ്ങളെ മർദിക്കുകയാണെന്ന് പറഞ്ഞു. പിന്നാ​ലെയാണ് പുലർച്ചെ മൂന്നോടെ ഖുറേഷി വിളിക്കുന്നത്. അവരുടെ പിന്നാലെ ഒരു സംഘം ആക്രോശിച്ചുകൊണ്ട് ഓടിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇരുവരും വല്ലാണ്ട് ഭയപ്പെട്ടിരുന്നു. ഖുറേഷിയുടെ കോളുകളിലൊന്ന് 47 മിനുട്ട് നീണ്ടുനിന്നു. അതിനിടയിൽ സഹായത്തിനായി നിലവിളിക്കുന്നതും തന്നെ ആക്രമിക്കരുതെന്ന് അപേക്ഷിക്കുന്നതും വെള്ളം ആവശ്യപ്പെടുന്നതും കേൾക്കാമായിരുന്നുവെന്ന് ബന്ധുവ്യക്തമാക്കി.

ഖുറേഷി വിളിച്ചു ഫോൺ പോക്കറ്റിൽ വച്ചുവെന്നാണ് കരുതുന്നത്. ‘കൈയും കാലും ഒടിഞ്ഞെന്നു പറഞ്ഞ് അയാൾ കരയുന്നത് കേൾക്കാമായിരുന്നു. എനിക്ക് ഒരു കവിൾ വെള്ളം തരൂ, എന്നെ അടിക്കരുതെന്ന് അ​പേക്ഷിക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടം നിങ്ങൾ ഇത് എവിടെ നിന്നാണ് കൊണ്ടുവന്നത്. ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല’ എന്ന്  അദ്ദേഹത്തോട് പറയുന്നത് കേട്ടുവെന്നും ബന്ധു​ പറയുന്നു. പിന്നീട് നിരവധി തവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. അഞ്ച് മണിയോടെ ഫോൺ എടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ് ഇരുവരുടെയും മരണ വിവരം അറിയിക്കുന്ന​തെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News