രണ്ടുവർഷം ശിക്ഷ; രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കുമോ?നിയമം പറയുന്നത് ഇങ്ങനെ...

വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്

Update: 2023-03-23 08:00 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.

വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതേസമയം, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം രാഹുലിന്റെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ സാങ്കേതികമായി ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടും. ഒരു വ്യക്തിയെ ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതൽ വർഷത്തേക്കോ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധി എന്ന നിലയിൽ അയോഗ്യനാക്കണമെന്നാണ് നിയമം പറയുന്നത്. കോടതി വിധി സ്‌റ്റേ ചെയ്താൽ രാഹുൽഗാന്ധിക്ക് ജനപ്രതിനിധിയായി തുടരാം. എന്നാൽ അപ്പീലുമായി പോയാൽ രാഹുലിന്റെ ശിക്ഷാവിധി സ്‌റ്റേ ചെയ്യുമോ എന്ന് വരും ദിവസങ്ങളിലേ അറിയാനാകൂ.

അതേസമയം, ശിക്ഷ വിധിക്ക് പിന്നാലെ പതിനായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News