പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ടെസ്റ്റിൽ ഓട്ടത്തിനിടെ 20കാരൻ കുഴഞ്ഞുവീണ് മരിച്ചു
ശാരീരികക്ഷമതാ ടെസ്റ്റിൽ പങ്കെടുക്കാൻ യുവാവ് തികച്ചും യോഗ്യനായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഭുവനേശ്വർ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനുള്ള ഫിസിക്കൽ ടെസ്റ്റ് നടക്കുന്നതിനിടെ 20കാരനായ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു. ഒഡിഷയിലെ ഗുഞ്ജാം ജില്ലയിലെ ഛത്രപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം.
ശ്യാംസുന്ദർപൂർ സ്വദേശിയായ ദീപ്തി രഞ്ജൻ ദാഷ് ആണ് മരിച്ചത്. ഛത്രപൂരിലെ പൊലീസ് റിസർവ് ഗ്രൗണ്ടിലായിരുന്നു ടെസ്റ്റ് നടന്നത്. 1600 മീറ്റർ ഓട്ടത്തിനിടെ ദാഷ് കുഴഞ്ഞുവീഴുകയായിരുന്നു.
ഛത്രപൂരിലെ പോലീസ് റിസർവ് ഗ്രൗണ്ടിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനുള്ള ഫിസിക്കൽ ടെസ്റ്റ് നടക്കുന്നതിനിടെയാണ് 1600 മീറ്റർ ഓട്ടത്തിൽ ഡാഷ് ബോധരഹിതനായി വീണത്.
ഉടൻ ഛത്രപൂരിലെ സബ് ഡിവിഷനൽ ആശുപത്രിയിലും പിന്നീട് എംകെസിജി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് ഗുഞ്ജാം എസ്പി ജഗ്മോഹൻ മീണ പറഞ്ഞു.
1600 മീറ്റർ ഓട്ടത്തിനിടെ ഡോക്ടർ ദാഷിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ചിരുന്നു. ശാരീരികക്ഷമതാ ടെസ്റ്റിൽ പങ്കെടുക്കാൻ ദാഷ് തികച്ചും യോഗ്യനായിരുന്നു. എന്നാൽ എന്താണ് മരണകാരണമെന്ന് ശനിയാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ദാഷിന്റെ മരണവിവരം പൊലീസ് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിനുള്ള മൂന്ന് ദിവസത്തെ ശാരീരികക്ഷമതാ ടെസ്റ്റ് വ്യാഴാഴ്ച മുതലാണ് ആരംഭിച്ചത്. എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവിലെ ഫിസിക്കൽ ടെസ്റ്റിന് ഹാജരാവുന്നത്.