207.11 ജിഗാവാട്ട്; എക്കാലത്തെയും ഉയർന്ന വൈദ്യുതി ഉപഭോഗവുമായി രാജ്യം
ഇന്നലെ ഉച്ചക്ക് 2.50 നാണ് റെക്കോർഡ് വൈദ്യുതി ഉപഭോഗം നടന്നതെന്നാണ് ഊർജമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്
ന്യൂഡൽഹി: ഉഷ്ണ തരംഗം രൂക്ഷമായിരിക്കെ എക്കാലത്തെയും ഉയർന്ന വൈദ്യുതി ഉപയോഗവുമായി രാജ്യം. വെള്ളിയാഴ്ച രാജ്യത്താകെ വിതരണം ചെയ്തത് 207.11 ജിഗാവാട്ട് (207 ബില്യൺ വാട്ട്‌സ്) വൈദ്യുതിയാണ്. ഇന്നലെ ഉച്ചക്ക് 2.50 നാണ് ഇത്രയും വൈദ്യുതി ഉപഭോഗം നടന്നതെന്നാണ് ഊർജമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്. 204.65 ജിഗാവാട്ട് വൈദ്യുതി വിതരണമുണ്ടായിരുന്നു വ്യാഴാഴ്ച 10.77 ജിഗാവാട്ടിന്റെ കുറവുണ്ടായിരുന്നു. ചൊവ്വാഴ്ച 201.06 ജിഗാവാട്ട് വൈദ്യുതി വിതരണം ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ 2021 ജൂലൈ ഏഴിനുണ്ടായ പരമാവധി ഡിമാൻഡായ 200.53 ജിഗാവാട്ടിനെ ചൊവ്വാഴ്ചത്തെ വൈദ്യുതി വിതരണം മറികടക്കുകയായിരുന്നു.
എന്നിരുന്നാലും, ചൊവ്വാഴ്ച 8.22 GW കമ്മി ഉണ്ടായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 200.65 വൈദ്യുതി വിതരണം നടന്ന ബുധനാഴ്ച 10.29 ജിഗാവാട്ടിന്റെ കുറവുണ്ടായിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത് പ്രകാരം രാജ്യത്ത് ഉഷ്ണ തരംഗം കൂടുന്നതിനാൽ വൈദ്യുതി ആവശ്യം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം വൈദ്യുതി ആവശ്യത്തിൽ 8.9 ശതമാനം വർധനവുണ്ടായെന്നാണ് ഊർജ മന്ത്രാലയം വ്യക്തമാക്കുന്നത്. മേയ്-ജൂൺ മാസങ്ങളിൽ ആവശ്യം 215-220 ജിഗാവാട്ടിലെത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
122 വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി താപനില; കണക്ക് പുറത്തുവിട്ട് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
വടക്കുപടിഞ്ഞാറ് -മധ്യ ഇന്ത്യയിൽ ഏപ്രിലിലുണ്ടായത് 122 വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരമാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെൻറ് (ഐ.എം.ഡി) 1901 മുതൽ കാലാവസ്ഥാ വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്. ഏപ്രിലിൽ വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ ശരാശരി പരമാവധി താപനില 35.6 ഡിഗ്രീ സെൽഷ്യസായിരുന്നു. ഏറെ കാലമായുള്ള ശരാശരിയേക്കാൾ 3.35 ഡിഗ്രി കൂടുതലാണ് ഈ മാസമുള്ള ശരാശരി. 2010 ഏപ്രിലിൽ രേഖപ്പെടുത്തിയ 35.4 ഡിഗ്രി സെൽഷ്യസെന്ന റെക്കോർഡ് താപനില ഈ വർഷം മറികടന്നിരിക്കുകയാണ്.
മധ്യ ഇന്ത്യയിൽ 37.78 ഡിഗ്രി സെൽഷ്യസാണ് ഏപ്രിലിൽ താപനിലയുള്ളത്. 1973 ലുണ്ടായ 37.75 ഡിഗ്രി ശരാശരിയേക്കാൾ കൂടുതലാണിത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ താപനിലയും സാധാരണയിലും കൂടുതലാണ്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 19.44 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ ശരാശരി താപനില. ദീർഘകാലമായുണ്ടായിരുന്ന ശരാശരിയേക്കാൾ 1.75 കൂടുതലാണിത്. ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില മേയിലും ഇതേപടി തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഡൽഹിയിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് മെയ് 14 മുതൽ വേനലവധി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഉയർന്ന താപനില ശരാശരിക്കും മുകളിലാണ്. ഈ മാസം ഇത് വരെ മൂന്നു ഉഷ്ണ തരംഗങ്ങളാണ് ഡൽഹിയിൽ രൂപം കൊണ്ടത്. അതീവ ഗുരുതര വിഭാഗത്തിൽ പെടുന്ന ഉഷ്ണ താരംഗങ്ങളാണ് ഇവ മൂന്നും. ശരാശരി ഉയർന്ന താപനിലയേക്കാൾ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമ്പോഴാണ് അതീവ ഗുരുതര ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നത്. ഇന്നും നാളെയും ഡൽഹിയിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനു ശേഷം ചൂടിന് നേരിയ കുറവ് ഉണ്ടാകുമെന്നും ഐ.എം.ഡി പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വാരണാസിയിൽ രേഖപ്പെടുത്തിയ 46.7 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വരെ രേഖപ്പെടുത്തിയ ഈ സീസണിലെ ഉയർന്ന ചൂട്. ഡൽഹിയിൽ സഫ്ദർജംഗ് ഉൾപ്പടെയുള്ള ചിലയിടങ്ങളിൽ രണ്ട് ദിവസമായി ഉയർന്ന താപനില 46° സെൽഷ്യസിനും മുകളിൽ ആണ്. രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ 48 മണിക്കൂറിന് ശേഷം നേരിയ മഴയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
207.11 gigawatts; India with all time high power consumption