ഹോളി ആഘോഷം; ജുമുഅ നമസ്‌കാര സമയം മാറ്റി പള്ളികൾ
മുസ്‌ലിംകളുടെ വിശേഷദിനമായ ബറാഅത്ത് രാവ് കൂടിയായതിനാൽ ബന്ധുക്കളുടെ ഖബർ സന്ദർശനം ഹോളി ആഘോഷങ്ങൾ പൂർത്തിയാക്കിയ ശേഷമാക്കണമെന്നും പണ്ഡിതന്മാരുടെ ആഹ്വാനമുണ്ടായിരുന്നു
ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ജുമുഅ നമസ്‌കാര(വെള്ളിയാഴ്ച പ്രാർത്ഥന) സമയം മാറ്റി പള്ളികൾ. ലഖ്‌നൗവിലാണ് 22ലേറെ പള്ളികളിൽ നമസ്‌കാര സമയം മാറ്റിയത്. ഇസ്‌ലാമിക് സെന്റർ ഓഫ് ഇന്ത്യ(ഐ.സി.ഐ) പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഐ.സി.ഐ തലവനും ഐഷ്ബാഗ് ഈദ്ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റഷീദ് ഫറങ്കിമഹല്ലിയാണ് ലഖ്‌നൗ നഗരത്തിലെ മുസ്‌ലിം പള്ളികൾക്കായി പ്രത്യേക നിർദേശം പുറത്തിറക്കിയത്. ഹോളി ആഘോഷങ്ങളും ജുമുഅയും ഒരേസമയത്ത് വരുന്നതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനുമായി നമസ്‌കാരസമയം മാറ്റാനായിരുന്നു നിർദേശം.
സ്വന്തം വീടുകൾക്കടുത്തു തന്നെയുള്ള പള്ളികളിൽനിന്ന് നമസ്‌കാരം നിർവഹിക്കാനും മൗലാന ഖാലിദ് റഷീദ് ആവശ്യപ്പെട്ടു. ഇതോടൊപ്പം മുസ്‌ലിംകളുടെ വിശേഷദിനമായ ബറാഅത്ത് രാവ് കൂടിയായതിനാൽ ബന്ധുക്കളുടെ ഖബർ സന്ദർശനം ഹോളി ആഘോഷങ്ങൾ പൂർത്തിയാക്കിയ ശേഷമാക്കണമെന്നും പണ്ഡിതരുടെ ആഹ്വാനമുണ്ടായിരുന്നു.
ഇമാമുമാരുടെ ആഹ്വാനം സ്വീകരിച്ച് ലഖ്‌നൗവിലെ 22 പള്ളികളിലാണ് 12.30ന് നടക്കേണ്ട ജുമുഅ നമസ്‌കാരം 1.30ലേക്കും രണ്ടുമണിയിലേക്കുമെല്ലാം മാറ്റിയത്. നഗരത്തിലെ പ്രമുഖ പള്ളികളായ ഐഷ്ബാഗ് ഈദ്ഗാഹ്, അക്ബരി ഗേറ്റിലെ ഏക് മിനാര മസ്ജിദ്, മസ്ജിദ് ചൗക്കിലെ മസ്ജിദ് ഷാഹ്‌മിന ഷാ എന്നിവിടങ്ങളിലെല്ലാം നമസ്‌കാര സമയം മാറ്റിയിരുന്നു.
Summary: At least 22 mosques in Lucknow altered the timing for Juma namaz (Friday prayer) in view of Holi celebrations