റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദിച്ചു കൊലപ്പെടുത്തി
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബംഗളൂരു: റൊട്ടി തീർന്നതിന്റെ പേരിൽ സഹോദരിയുമായി വഴക്കിട്ടയാളെ യുവാവും സുഹൃത്തും കൊലപ്പെടുത്തി. കർണാടകയിലെ യാദ്ഗിരി ജില്ലയിലാണ് ദലിത് യുവാവായ രാകേഷ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫയാസ്,ആസിഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയിൽ റൊട്ടി വാങ്ങാനായി പോയി. എന്നാൽ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി അറിയിച്ചു.പക്ഷേ തനിക്ക് ഇന്ന് തന്നെ റൊട്ടി കിട്ടണമെന്ന് വാശിപിടിക്കുകയും അവിടെനിന്ന് ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് യുവതി മാത്രമായിരുന്നു കടയിലുണ്ടായത്. പേടിച്ചുപോയ യുവതി സഹായത്തിനായി സഹോദരൻ ഫയാസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ഫയാസ് സ്ഥലത്തെത്തുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം നടക്കുകയും ചെയ്തു. വാക്കേറ്റത്തിന് പിന്നാലെ ഇരുവരും തമ്മിൽ പരസ്പരം മർദിക്കുകയും ചെയ്തു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാകേഷ് മരിക്കുകയായിരുന്നെന്ന് യാദ്ഗിർ പൊലീസ് സൂപ്രണ്ട് സംഗീത പറഞ്ഞു. എന്നാൽ സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം പരാതി നൽകിയിരുന്നില്ല.പ്രതികളുമായി സാമ്പത്തിക ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നെന്നും എസ്.പിയുടെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യാദ്ഗിർ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രാകേഷിന്റെ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി സെക്ഷൻ 109, 504 ,302, പട്ടികജാതി അതിക്രമങ്ങൾ തടയൽ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.