28 ബാങ്കുകളിൽനിന്ന് 22,842 കോടി; രാജ്യത്ത് വീണ്ടും വൻ വായ്പാതട്ടിപ്പ്

മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്​യാർഡ്​ കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്ട്യത്തെ കബളിപ്പിച്ച്​ 22,842 കോടി രൂപ തട്ടിയെടുത്തു​.

Update: 2022-02-12 16:13 GMT
Advertising

രാജ്യത്തെ ഞെട്ടിച്ച്​ വീണ്ടും കോടികളുടെ ബാങ്ക്​ വായ്പത്തട്ടിപ്പ്​​​. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്​യാർഡ്​ കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്ട്യത്തെ കബളിപ്പിച്ച്​ 22,842 കോടി രൂപ തട്ടിയെടുത്തു​. തട്ടിപ്പിൽ കമ്പനി മുൻ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ റിഷി കമലേഷ്​ അഗർവാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു.

സി.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വെട്ടിപ്പ്​ ​കേസാണ്​ പുറത്തു വന്നിരിക്കുന്നത്​. എക്സിക്യൂട്ടീവ്​ ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എ.ബി.ജി ഇന്‍റർനാഷനൽ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കമ്പനി എന്നിവരേയും കേസിൽ പ്രതി ചേർത്തു. 2012-17 കാലയളവിൽ റിഷി അഗർവാൾ ചെയർമാനായിരിക്കെ മറ്റ്​ ഡയറക്ടർമാരുമായി ഒത്തു കളിച്ച്​ വായ്പയായി ലഭിച്ച കോടികൾ വകമാറ്റിയെന്നാണ്​ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്​.

ക്രിമിനൽ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ​ ഇവർക്കെതിരെ ചുമത്തി​. ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ്​യാർഡുകൾ ഉള്ള എ.ബി.ജിക്കെതിരെ 2019 നവംബർ എട്ടിന്​ എസ്​.ബി.ഐയാണ്​ ആദ്യം പരാതി നൽകിയത്​. സി.ബി.ഐ കൂടുതൽ വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന്​ കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബാങ്ക്​ പരാതി പുതുക്കി നൽകി. ഒന്നര വർഷത്തിലേറെ എടുത്ത്​ പരാതി പരിശോധിച്ച സി.ബി.ഐ ഈ മാസം ഏഴിനാണ്​ എ.ബി.ജിക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്യുന്നത്​.

എസ്​.ബി.ഐ എ.ബി.ജിക്ക്​​ വായ്പയായി നൽകിയത്​​ 2468.51 കോടിയാണ്​. ഐ.സി.ഐ.സി.ഐ ബാങ്ക്​ (7,089 കോടി), ഐ.ഡി.ബി.ഐ ബാങ്ക്​ (3,634 കോടി), ബാങ്ക്​ ഓഫ്​ ബറോഡ (1,614 കോടി), പഞ്ചാബ്​ നാഷനൽ ബാങ്ക് ​(1,244 കോടി), ഇന്ത്യൻ ഓവർസീസ്​ ബാങ്ക് ​(1228 കോടി) തുടങ്ങിയവയും വായ്പ നൽകിയതായി പുറത്തുവന്നിട്ടുണ്ട്​. 2012-17 കാലയളവിലെ കണക്ക്​ പരിശോധിച്ച​ ഓഡിറ്റ്​ സ്ഥാപനമായ ഏൺസ്റ്റ്​ ആൻഡ് യങ്ങ്​ 2019ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡയറക്ടർമാർ പണം വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന്​ സി.ബി.ഐ എഫ്​.ഐ.ആറിൽ പറയുന്നു.

News Summary : 22,842 crore from 28 banks; Big loan fraud again in the country


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News