സമുദ്രാതിർത്തി മറികടന്നു; 23 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടികൂടി
ജനുവരി 22ന് രാമനാഥപുരത്ത് നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു
സമുദ്രാതിർത്തി മറികടന്ന് മത്സ്യബന്ധനം നടത്തിയ 23 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു. രണ്ട് ബോട്ടുകൾ പിടികൂടുകയും ചെയ്തു. ഫിഷറീസ് വകുപ്പിൽനിന്ന് അനുമതി നേടി ശനിയാഴ്ച 540 ബോട്ടുകളിലായി 3,000 മത്സ്യത്തൊഴിലാളികളാണ് കടലിൽ പോയത്. പുലർച്ചെ രണ്ട് മണിയോടെ നെടുന്തീവ് മറികടന്ന് രാമശ്വേരത്തേക്ക് മടങ്ങുന്നതിനിടെ ശ്രീലങ്കൻ നേവി ബോട്ടുകൾ വളഞ്ഞു. ഇതോടെ ബോട്ടുകൾക്കും വലകൾക്കും കേടുപാട് സംഭവിച്ചു. തുടർന്നാണ് 23 പേരെ പിടികൂടിയത്.
ജനുവരി 22ന് രാമനാഥപുരത്ത് നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു. ഇത് ശല്യപ്പെടുത്തുന്ന പ്രവണതയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതി പരിഹരിക്കാൻ നയതന്ത്ര സംഘം രൂപീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.