വീട്ടിൽവെച്ച് സമൂഹ നമസ്‌കാരം; യു.പിയിൽ 26 പേർക്കെതിരെ കേസ്
വാഹിദ്, മുസ്തഖീം എന്നിവരാണ് തങ്ങളുടെ വീട്ടിൽവെച്ച് പുറത്തുനിന്നുള്ള ആളുകൾക്കൊപ്പം നമസ്‌കരിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മൊറാദാബാദ്: വീട്ടിൽവെച്ച് സമൂഹ നമസ്‌കാരം സംഘടിപ്പിച്ചതിന് 26 പേർക്കെതിരെ യു.പി പൊലീസ് കേസെടുത്തു. വാഹിദ്, മുസ്തഖീം എന്നിവരാണ് തങ്ങളുടെ വീട്ടിൽവെച്ച് പുറത്തുനിന്നുള്ള ആളുകൾക്കൊപ്പം നമസ്‌കരിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് നമസ്‌കാരം നടത്തിയതെന്ന് ആരോപിച്ച് അയൽവാസികളാണ് ഇവർക്കെതിരെ പരാതി നൽകിയതെന്ന് 'ദി ക്വിന്റ്' റിപ്പോർട്ട് ചെയ്തു.
ഛജ്‌ലെറ്റ് ഏരിയയിലെ ദുൽഹെപൂർ ഗ്രാമത്തിലാണ് പ്രദേശവാസികളായ രണ്ടുപേരുടെ വീട്ടിൽ നിരവധിയാളുകൾ ഒരുമിച്ച് കൂടി പ്രാർഥനകൾ നടത്തിയത്. വീട്ടിൽവെച്ച് ഇത്തരം പരിപാടികൾ നടത്തരുതെന്ന് നേരത്തെ അയൽവാസികൾ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇതരസമുദായക്കാരായ അയൽവാസികളുടെ എതിർപ്പ് വകവെക്കാതെ വീണ്ടും പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചതിനാലാണ് കേസെടുത്തതെന്നും പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ പറഞ്ഞു.
പ്രദേശവാസിയായ ചന്ദ്രപാൽ സിങ്ങിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൗലവിയുടെ നേതൃത്വത്തിൽ സമൂഹനമസ്‌കാരം നടത്തി ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഗ്രാമത്തിൽ സമാധാനം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് പരാതി നൽകിയതെന്നും ചന്ദ്രപാൽ സിങ് പറഞ്ഞു. നമസ്‌കരിച്ചവരെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.