തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം; 4 വര്‍ഷം മുന്‍പ് ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതി പിടിയില്‍
2018ൽ ജാമ്യത്തിലിറങ്ങിയ നിധി മുങ്ങുകയായിരുന്നു
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു വര്‍ഷമായി ഒളിവിലായിരുന്ന യുവതി പിടിയില്‍. നിധി എന്ന യുവതിയെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2015ൽ സാഗർ എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് നിധി. 2018ൽ ജാമ്യത്തിലിറങ്ങിയ നിധി മുങ്ങുകയായിരുന്നു. അടുത്ത വര്‍ഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നിധിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. ഗാസിയാബാദിലെ ഒരു കഫേയ്ക്ക് സമീപത്തുനിന്നാണ് പൊലീസ് നിധിയെ അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ ഗോവിന്ദ്പുരത്ത് നിന്നാണ് നിധിയെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) ജസ്മീത് സിങ് പറഞ്ഞു.
നിധിയും ഭർത്താവ് രാഹുൽ ജാതും ഉൾപ്പെടെ ഒന്‍പത് പേർ 2015 ഏപ്രിൽ ഒന്നിന് ഡൽഹിയിലെ ജിടിബി എൻക്ലേവ് ഏരിയയിൽ നിന്നാണ് സാഗറിനെ തട്ടിക്കൊണ്ടുപോയത്. സാഗറിനെ ഉത്തർപ്രദേശിലെ ബാഗ്പേട്ടിലേക്കാണ് കൊണ്ടുപോയത്. എന്നിട്ട് ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡപകടമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
നിധിയുടെ സഹോദരി ആരതിയുമായുള്ള സാഗറിന്റെ സൗഹൃദമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും ബന്ധത്തിന് നിധിയും രാഹുലും എതിരായിരുന്നു. കാണാന്‍ വരരുതെന്ന് ആവശ്യപ്പെട്ടിട്ടും സാഗര്‍ ആരതിയെ കാണാന്‍ വന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി.
കേസില്‍ നിധിയുടെ ഭര്‍ത്താവ് രാഹുലും ജാമ്യത്തിലിറങ്ങിയിരുന്നു. കുപ്രസിദ്ധ രോഹിത് ചൗധരി, അങ്കിത് ഗുർജാർ സംഘത്തിലെ അംഗമാണ് രാഹുല്‍. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ മൂന്ന് കേസുകള്‍ രാഹുലിനെതിരെ വേറെയുമുണ്ട്. ആയുധ നിയമപ്രകാരം ഡല്‍ഹി പൊലീസ് രാഹുലിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.