മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകുന്നു; ഷിൻഡേയെ മുഖ്യമന്ത്രി ആക്കണമെന്ന നിലപാടിലുറച്ച് ശിവസേന
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശത്തെ തുടർന്ന് മാറ്റിയ ഡിജിപി രശ്മി ശുക്ലയെ വീണ്ടും നിയമിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകുന്നു. നേതാക്കളുമായുള്ള കൂടുതൽ ചർച്ചയ്ക്കായി കേന്ദ്ര ബിജെപി നേതൃത്വം. നിരീക്ഷകരെ അയച്ചു. ഏകനാഥ് ഷിൻഡേയെ മുഖ്യമന്ത്രി ആക്കണമെന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന നിലപാടിലാണ് ശിവസേന. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശത്തെ തുടർന്ന് മാറ്റിയ ഡിജിപി രശ്മി ശുക്ലയെ വീണ്ടും നിയമിച്ചു.
കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ രാജിവച്ചെങ്കിലും ഇടക്കാല മുഖ്യമന്ത്രിയായി തുടരുകയാണ്. പുതിയ മുഖ്യമന്ത്രി ആരെന്നതിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ഏക്നാഥയ്ക്ക് വീണ്ടും അവസരം നൽകണമെന്നതിൽ ശിവസേന ഉറച്ചു നിൽക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് ഷിൻഡെയുടെ നേതൃത്വത്തിലായതിനാൽ ഷിൻഡെ തൽസ്ഥാനത്ത് തുടരണമെന്ന നിലപാടിലാണ് ശിവസേനയിലെ നേതാക്കൾ. അതേസമയം മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പേര് ഉടൻ പ്രഖ്യാപിക്കും എന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പാർട്ടി നിയമസഭാംഗങ്ങളെയും സഖ്യകക്ഷികളുടെ നേതാക്കളെയും കാണാനും പുതിയ സർക്കാരിൽ മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. അതിനിടെ സോലാപൂർ സിറ്റി സെൻട്രൽ സീറ്റിൽ ബിജെപിയുടെ ദേവേന്ദ്ര കോഥെയോട് 48,850 വോട്ടുകൾക്ക് പരാജയപ്പെട്ടതിനെ തുടർന്ന് മുതിർന്ന സിപിഐ എം നേതാവ് നരസയ്യ ആദം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും അപ്രതീക്ഷിത പരാജയത്തെപ്പറ്റി പഠിക്കാൻ കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വെള്ളിയാഴ്ച ചേരും.