ഡെങ്കി ഭീതിയില്‍ തലസ്ഥാനം, സെപ്തംബറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 149 കേസുകള്‍

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 60 പുതിയ കേസുകള്‍.

Update: 2021-09-27 10:13 GMT
Editor : abs | By : Web Desk
Advertising

ഡല്‍ഹിയില്‍ വീണ്ടും ഡെങ്കിപ്പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 60 പുതിയ കേസുകള്‍. ജനുവരി ഒന്നു മുതല്‍ സെപ്തംബര്‍ 25 വരെയുള്ള കാലയളവില്‍ 273 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 149 ഉം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. മൊത്തം കേസുകളുടെ 54 ശതമാനമാണിത്. ആഗസ്റ്റ് മാസത്തില്‍ 72 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡെങ്കിപ്പനിയോടപ്പം ചിക്കുന്‍ഗുനിയയും, മലേറിയയും പടരുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 102 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 52 ചിക്കുന്‍ഗുനിയയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കികേസുകള്‍ കുറയുകയാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. 2020ല്‍ 212 കേസുകളായിരുന്നെങ്കില്‍ 2019 ല്‍ 282, 2018ല്‍ 481, 2017ല്‍ 1807 കേസുകളായിരുന്നെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലാണ്. ഡെങ്കിപ്പനി മൂലം ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലേറിയ കൊതുകുകള്‍ വൃത്തിഹീനമായ വെള്ളത്തില്‍ മുട്ടയിട്ട് പെരുകമ്പോള്‍ തെളിഞ്ഞ വൃത്തിയുള്ള വെള്ളത്തിലും ഡെങ്കി ലാര്‍വ വളരുന്നു. മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്ക് കടുത്ത പനിയാണ് ലക്ഷണം. അത്‌കൊണ്ടു തന്നെ പലരും കോവിഡ് ബാധിച്ചതാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News