മരിച്ചത് 275 പേർ; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുന്നു

ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. അതിനാലാണ് കണക്കിൽ മരണസംഖ്യ ഉയർന്നതെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു.

Update: 2023-06-04 09:00 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന് കാരണം അമിതവേഗതയല്ലെന്ന് റെയിൽവേ ബോർഡ്. കോറോമണ്ടൽ എക്സ്‌പ്രസും യശ്വന്ത്പൂർ എക്സ്‌പ്രസും അനുവദനീയമായ വേഗത്തിലായിരുന്നു. കൃത്യമായ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. 

കോറോമണ്ടൽ ട്രെയിന്റെ വേഗം 128 കിലോമീറ്റർ ആയിരുന്നു.ഹൗറ ട്രെയിൻ 126 കിലോമീറ്റർ വേഗത്തിലുമാണ് എത്തിയതെന്നും  ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 എന്ന് ചീഫ് സെക്രട്ടറി പ്രദീപ് ജന അറിയിച്ചു. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. ചില മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. നിലവിൽ 88 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്. 

പരിക്കേറ്റ 1175 പേരിൽ 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.വൈകിട്ടോടെ കൃത്യവുമായ കണക്കുകൾ പുറത്തുവരുമെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിവരം. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇതിനോടകം കുടുംബാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ചികിത്സയിൽ തുടരുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. 

അതേസമയം, കൊൽക്കത്തയിലേക്ക് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. പുരി, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നാണ് ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാദൗത്യം പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന്  നവീൻ പട്‌നായിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. പരിക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവെ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News