സുരേഷ് ഗോപിയടക്കം മൂന്നാം മോദി സർക്കാരിലെ 28 മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ
ഇതിൽ രണ്ട് മന്ത്രിമാർക്കെതിരെയാണ് ഐപിസി 307 പ്രകാരം വധശ്രമക്കേസ് ഉള്ളത്.
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിലെ 28 പേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്. ഇവരിൽ 19 പേർക്കെതിരെ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, വിദ്വേഷ പ്രസംഗം തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളാണ് നിലവിലുള്ളതെന്ന് തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) വ്യക്തമാക്കി.
രണ്ട് മന്ത്രിമാർക്കെതിരെയാണ് ഐപിസി 307 പ്രകാരം വധശ്രമക്കേസ് ഉള്ളത്. തുറമുഖ- ഷിപ്പിങ്- ജലപാതാ വകുപ്പ് സഹമന്ത്രി ശാന്തനു താക്കൂർ, വടക്ക് കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ വികസന സഹമന്ത്രി സുകാന്ത മജുംദാർ എന്നിവരാണ് ഇവരെന്ന് എഡിആർ അറിയിച്ചു.
അഞ്ച് മന്ത്രിമാർക്കെതിരെയാണ് സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുള്ളത്. പെട്രോളിയം- പ്രകൃതിവാതകം- ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ, ശാന്തനു താക്കൂർ, സുകാന്ത മജുംദാർ, ട്രൈബൽ അഫയേഴ്സ് മന്ത്രി ജുവൽ ഒറാം എന്നിവരാണ് അവർ.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് എട്ട് മന്ത്രിമാർക്കെതിരെയാണ് കേസുള്ളതെന്നും എ.ഡി.ആർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, പ്രധാനമന്ത്രിയെ കൂടാതെ ആകെയുള്ള 71 മന്ത്രിമാരിൽ 39 ശതമാനവും ക്രിമിനിൽ കേസുകൾ നേരിടുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 72 അംഗങ്ങളാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 191 ബിജെപി സ്ഥാനാർഥികളും 143 കോൺഗ്രസ് സ്ഥാനാർഥികളും ക്രിമിനൽ കേസ് പ്രതികളാണെന്ന റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. 440 ബിജെപി സ്ഥാനാർഥികളിലാണ് ഇത്രയും പേർക്കെതിരെ ക്രിമിനൽ കേസുള്ളത്.
സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ടിലായിരുന്നു കണക്കുകൾ. കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്വേഷ പ്രസംഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ഇതിലുൾപ്പെടുന്നു.