ബാലസോർ ട്രെയിൻ ദുരന്തം: മരിച്ച 29 പേരെ കൂടി തിരിച്ചറിഞ്ഞു; 15 മൃതദേഹങ്ങള്‍ക്ക് എത്തിയത് ഒന്നിലേറെ അവകാശികള്‍
ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിൽ മരിച്ച 29 പേരെ കൂടി തിരിച്ചറിഞ്ഞു. ഭുവനേശ്വർ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന 81 മൃതദേഹങ്ങളിൽ നിന്നാണ് 29 പേരെ തിരിച്ചറിഞ്ഞത്. ഇതിൽ ആറുപേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും അവരവരുടെ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മേയർ സുലോചന ദാസ് പറഞ്ഞു.
ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ആറ് കുടുംബങ്ങൾ ഭുവനേശ്വറിലെ എയിംസിലെത്തിയാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. 15 മൃതദേഹങ്ങൾക്ക് ഒന്നിലേറെ അവകാശികൾ ആശുപത്രിയിലെത്തിയിരുന്നു.തുടർന്നാണ് ഡി.എൻ.എ പരിശോധന നടത്തിയത്. 88 ഡി.എൻ.എ സാമ്പിളുകൾ അയച്ചതിൽ 81 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ ഏറ്റുവാങ്ങിയവര്ക്ക് ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായവും നൽകി.
ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരുടെയും ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുടേയും മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.