മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്ഹൗസ് ചര്‍ച്ച: മൂന്ന് പേര് അറസ്റ്റില്‍
മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
ക്ലബ്ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹരിയാനയില്‍ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലം വിളിച്ച ബുള്ളി ബായ് ആപ്പിന് പിന്നാലെയാണ് ക്ലബ്ഹൗസ് ചര്‍ച്ചയിലും ലൈംഗികാധിക്ഷേപം ഉണ്ടായത്. 'മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്' എന്ന പേരിലായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയില്‍ ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഡല്‍ഹി പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടു.
ചർച്ചയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ക്ലബ്ഹൗസിന് കത്തയച്ചു. അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നും കൂടുതല്‍ പേരും ഡല്‍ഹിക്ക് പുറത്താണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അതിനിടെയാണ് മുംബൈ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
വിദ്വേഷ പ്രചാരണവും ലൈംഗികാധിക്ഷേപവും നടത്തിയവരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസിനെ ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി പ്രശംസിച്ചു. വിദ്വേഷത്തോട് നോ പറയണമെന്നും എം.പി ആവശ്യപ്പെട്ടു.
Kudos @MumbaiPolice , they have got cracking on the Clubhouse chats too and some arrests have been made. Say no to hate. #Clubhouse
— Priyanka Chaturvedi🇮🇳 (@priyankac19) January 21, 2022