30,000 രൂപയുടെ വൗച്ചറും ക്ഷമാപണവും; 30 മണിക്കൂർ വിമാനം വൈകിയതിന് യാത്രക്കാര്‍ക്ക് എയർ ഇന്ത്യയുടെ നഷ്ടപരിഹാരം

വ്യാഴാഴ്ച ഉച്ചക്ക് 3.30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55 നാണ് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ടത്

Update: 2024-06-02 11:06 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: 30 മണിക്കൂറിലധികം വിമാനം വൈകിയതിന് യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി എയർ ഇന്ത്യ.ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു കഴിഞ്ഞ ദിവസം വൈകിയത്. ഇതിലെ ഓരോ യാത്രക്കാരനും 350 ഡോളർ (29,203 രൂപ) വിലയുള്ള യാത്രാ വൗച്ചറാണ് എയർഇന്ത്യ നൽകിയിരിക്കുന്നത്. സാങ്കേതിക തകരാർ കാരണമാണ് വിമാനം വൈകിയതെന്നാണ് കമ്പനിയുടെ വിശദീകരണം. വ്യാഴാഴ്ച ഉച്ചക്ക് 3.30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55 നാണ് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ടത്.16 മണിക്കൂർ യാത്രാദൈർഘ്യമുള്ള സാൻഫ്രാൻസിസ്‌കോയിലേക്ക് 30 മണിക്കൂറെടുത്താണ് യാത്രക്കാരെത്തിയത്.

എയർ ഇന്ത്യയുടെ എ.ഐ 183 വിമാനത്തിൽ 199 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളും പ്രവർത്തന പരിമിതികളും കാരണം വിമാനം വൈകിയതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ക്ലോസ് ഗോർഷ് യാത്രക്കാർക്ക് അയച്ച കത്തിൽ പറയുന്നു.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ നഷ്ടപരിഹാരം എന്ന നിലയിൽ 350 ഡോളർ വിലയുള്ള ട്രാവൽ വൗച്ചർ

നൽകുന്നു.ഇത് ഭാവിയിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാം.അല്ലാത്തവർക്ക് പണമായി മാറ്റി നൽകാനും സൗകര്യമുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

യാത്രക്കാർ കയറിയ ശേഷമായിരുന്നു വിമാനം പുറപ്പെടാൻ വൈകിയത്. എസി പോലും പ്രവർത്തിക്കാതായതോടെ ഇതോടെ യാത്രക്കാരിൽ പലരും കുഴഞ്ഞുവീഴുകയും ചെയ്തു. വിമാനം വൈകിയതിൽ യാത്രക്കാർ പലരും സോഷ്യൽമീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.വിമാനം വൈകിയതിൽ എയർഇന്ത്യക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നുമായിരുന്നു ഡിജിസിഎ ആവശ്യപ്പെട്ടത്. ഒരു വർഷത്തിനിടെ ഇത് പത്താം തവണയാണ് ഡി.ജി.സി.എ എയർഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News