മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ ഏഴിന്, വിദേശ നേതാക്കൾ ഡൽഹിയിൽ
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, രാജ്യങ്ങളിലെ പ്രസിഡന്റുമാർക്ക് പുറമേ മൗറീഷ്യസ്, മാലിദ്വീപ് രാജ്യങ്ങളിലെ തലവന്മാരും ചടങ്ങിൽ പങ്കെടുക്കും.
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. വിദേശ രാഷ്ട്ര തലവന്മാരടക്കം വിവിധ നേതാക്കൾ പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി ഡൽഹിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
അയൽരാജ്യ തലവന്മാർ മുതൽ ഏഷ്യയിലെ ആദ്യത്തെ ലോക്കോ പൈലറ്റ് ഉൾപ്പടെ ചടങ്ങിന് അതിഥികളാകും. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, രാജ്യങ്ങളിലെ പ്രസിഡന്റുമാർക്ക് പുറമേ മൗറീഷ്യസ്, മാലിദ്വീപ് രാജ്യങ്ങളിലെ തലവന്മാരും ചടങ്ങിൽ പങ്കെടുക്കും.
ഇവർക്ക് പുറമെ 8000 പേരെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത്. ഡൽഹി പൊലീസിനാണ് പ്രധാന സുരക്ഷ ചുമതല. ഡൽഹി പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി രാഷ്ട്രപതി ഭവന് റിപ്പോർട്ട് സമർപ്പിച്ചു. രാഷ്ട്രപതി ഭവൻ്റെ സുരക്ഷയ്ക്കായി അഞ്ച് കമ്പനി അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, എൻഎസ്‌ജി കമാൻഡോകൾ, സ്‌നൈപ്പർമാർ ഡ്രോണുകൾ ഉൾപ്പെടെ രാഷ്ട്രപതി ഭവന് സുരക്ഷ ഒരുക്കും.
അതേസമയം നരേന്ദ്ര മോദിയോടൊപ്പം പ്രധാന ക്യാബിനറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഘടക കക്ഷി പാർട്ടികൾ, നാമ നിർദേശം ചെയ്ത അംഗങ്ങളും അധികാരമേൽക്കും. സ്പീക്കറെ പിന്നീട് തീരുമാനിക്കും. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് സർക്കാർ രൂപീകരണം. മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്.
12 എം.പിമാരാണ് വിലപേശാനുള്ള ജെ.ഡി.യുവിന്റെ ആയുധം.16 സീറ്റുള്ള ടി.ഡി.പി മൂന്ന് ക്യാബിനറ്റ് സ്ഥാനവും മൂന്നു സഹമന്ത്രി സ്ഥാനവും കൂടാതെ ലോക്സഭാ സ്പീക്കർ കസേര കൂടി ചോദിക്കുന്നുണ്ട്. മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽ.ജെ.പി, ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപെടുന്നു. 7 സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്‌ഥാനവും ആവശ്യപ്പെടുന്നുണ്ട്.