റാഗിങ്ങിനിടെ 300 സിറ്റ്അപ്പ്; രാജസ്ഥാനിൽ വിദ്യാർഥിക്ക് നാലു തവണ ഡയാലിസിസ്

കുട്ടി കോളജിൽ അഡ്മിഷൻ എടുത്തത് മുതൽ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം

Update: 2024-06-26 13:55 GMT
Advertising

ഡുംഗർപൂർ: രാജസ്ഥാനിലെ ഡുംഗാർപൂരിൽ റാഗിങ്ങിന് പിന്നാലെ വിദ്യാർഥിയെ ഡയാലിസിസിന് വിധേയനാക്കി. ഡുംഗാർപൂർ മെഡിക്കൽ കോളജിലെ ഒന്നാം വർഷം എംബിബിഎസ് വിദ്യാർഥിക്കാണ് ദുരവസ്ഥയുണ്ടായത്. ക്രൂരമായ റാഗിംഗിൽ വിദ്യാർഥിയുടെ കിഡ്‌നിൽ അണുബാധയുണ്ടായിരുന്നു. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കോളജ് പരിസരത്ത് വെച്ച് മെയ് 15നാണ് വിദ്യാർഥിയെ രണ്ടാം വർഷ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തത്. 300ലധികം സിറ്റ്അപ്പുകൾ ചെയ്ത് കാണിക്കാനായിരുന്നു ഇവരുടെ നിർദേശം. ഇത്രയും തവണ സിറ്റ്അപ്പ് ചെയ്തതോടെ കുട്ടിയുടെ കിഡ്‌നിയിലേക്ക് അമിതമായി സമ്മർദമെത്തി. പിന്നാലെ കിഡ്‌നിയുടെ പ്രവർത്തനം താളംതെറ്റുകയും അണുബാധയുണ്ടാവുകയുമായിരുന്നു. തുടർന്ന് ഇയാളെ ശാരീരികാസ്വസ്ഥതകളോടെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ നാല് ഡയാലിസിസ് ആണ് വിദ്യാർഥിക്ക് വേണ്ടിവന്നത്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

വിദ്യാർഥി നേരത്തേയും റാഗിങ്ങിന് വിധേയനായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പക്ഷേ പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച കോളജ് ഏർപ്പെടുത്തിയ ഓൺലൈൻ പോർട്ടലിൽ പരാതി എത്തിയതോടെയാണ് റാഗിങ്ങിന്റെ ചുരുളഴിയുന്നത്.

കുട്ടി കോളജിൽ അഡ്മിഷൻ എടുത്തത് മുതൽ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തിരുന്നുവെന്നാണ് ഇയാളുടെ പിതാവിന്റെ ആരോപണം. ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് നിരവധി തവണ മർദിച്ചിരുന്നതായും പരാതി നൽകാൻ ഇവർ ഭയപ്പെട്ടിരുന്നതായും ഇദ്ദേഹം പറയുന്നു.

സംഭവത്തിൽ ദേവേന്ദ്ര മീന, അങ്കിത് യാദവ്, രവീന്ദ്ര കുൽരിയ, സുർജിത് ദബ്രിയ, വിശ്വവേന്ദ്ര ദയാൽ, സിദ്ധാർഖ് പരിഹാർ, അമൻ രഗേര എന്നീ വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരിൽ മൂന്ന് പേരെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News