പ്രതിപക്ഷത്തെ 33 എം.എൽ.എമാർ ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടെന്ന് മഹാരാഷ്ട്ര മന്ത്രി
ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിൻഡെയുമായി മഹാബലേശ്വറിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സാമന്ത് പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ കൂടുതൽ എം.എൽ.എമാർ ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടെന്ന അവകാശവാദവുമായി മന്ത്രി. ഉദ്ധവ് താക്കറെ പക്ഷത്തെ 13 എം.എൽ.എമാരും എൻ.സി.പിയിലെ 20 എം.എൽ.എമാരും തങ്ങളുമായി ചർച്ച നടത്തിയെന്ന് വ്യവസായ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിൻഡെയുമായി മഹാബലേശ്വറിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സാമന്ത് പറഞ്ഞു. മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റെങ്കിലും നേടാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് ഉദ്ധവ് പക്ഷത്തെ നേതാവും എം.എൽ.സിയുമായ അംബാദസ് ദൻവെ പറഞ്ഞു. 2019-ൽ പാർട്ടി രണ്ടാമതെത്തിയ മണ്ഡലങ്ങളിലടക്കം വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ കണ്ടെത്തി പ്രവർത്തനം തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരുന്നു ശിവസേന മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉദ്ധവ് താക്കറെ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടർന്ന് ഉദ്ധവ് താക്കറെ രാജിവെച്ചത്.
ഏക്‌നാഥ് ഷിൻഡെ സർക്കാർ ദുർബലമായതിനാൽ ശിവസേനയെ പിന്തുണക്കുന്നവർ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ദൻവെ അഭിപ്രായപ്പെട്ടു.