ഒമ്പതാംക്ലാസുകാരൻ ഓടിച്ച കാർ പാഞ്ഞുകയറി നാല് സ്ത്രീകൾ മരിച്ചു

പിതാവിനെതിരെ നരഹത്യക്ക് കേസെടുത്തു

Update: 2022-01-31 08:07 GMT
Editor : Lissy P | By : Web Desk
Advertising

തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ 16 കാരൻ ഓടിച്ച കാർ പാഞ്ഞുകയറി നടപ്പാതയിൽ ഇരിക്കുകയായിരുന്ന നാല് സ്ത്രീകൾ മരിച്ചു. മൂന്നു പേർ സംഭവസ്ഥലത്തുവച്ചും നാലാമത്തയാൾ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഞായറാഴ്ച രാവിലെയാണ് സംഭവം. ലളിത (27),സുനിത (30), പരിയാങ് (32), എസ് ജ്യോതി (14) എന്നിവരാണ് മരിച്ചത്. ഇതിലൊരാൾ കാറിനും വൈദ്യുത തൂണിനുമിടയിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. ആടുകളെ വിറ്റും നടപ്പാതയിൽ കത്തിയും മറ്റ് സാധനങ്ങളും വിറ്റ് കുടുംബം നടത്തുന്നവരായിരുന്നു മരിച്ച നാലുപേരും.

വ്യവസായിയായ രാജേന്ദ്ര പ്രസാദിന്റെ മകനാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പിതാവിനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നു കരിംനഗർ പൊലീസ് കമ്മീഷണർ വി.സത്യനാരായണ പറഞ്ഞു.

രാവിലെ ആറ് മണിയോടെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും 14 വയസുള്ള രണ്ട് സുഹൃത്തുക്കളോടൊപ്പം ബാഡ്മിന്റൺ കളിക്കാൻ സമീപത്തെ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടതായിരുന്നു. ഒരു ക്രോസ്‌റോഡിന് സമീപമെത്തിയപ്പോൾ കാറിന്റെ നിയന്ത്രണം വിട്ടം നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും സ്ത്രീകളുടെ മുകളിലൂടെ കയറിയിറങ്ങി വൈദ്യുത തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടം നടന്നയുടനെ കുട്ടികൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ കാർ അമിത വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 പതിനാറുകാരൻ മുമ്പും ഇതേ റോഡിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് കരിംനഗർ പൊലീസ് പറഞ്ഞു. ഇയാളുടെ പിതാവിന് ഇക്കാര്യം അറിയാമായിരുന്നു. അമിത വേഗതയുടെ പേരിൽ നേരത്തെയും കാറിനെതിരെ പിഴ നൽകിയിട്ടുണ്ട്. എന്നാൽ ഈ സമയത്ത് സമയത്ത് ആരാണ് കാർ ഓടിച്ചിരുന്നത് എന്നത് വ്യക്തമല്ല.

അപകടത്തിന് തൊട്ടുമുമ്പ് ഇവർ കാർ അടുത്തുള്ള പെട്രോൾ പമ്പിൽ നിർത്തിയിരുന്നു. സ്റ്റേഡിയത്തിലേക്ക് പോകാനായി യു-ടേൺ എടുക്കുമ്പോഴാണ് അപകടം നടന്നത്. പെട്രോൾ പമ്പിലെ സിസിടിവി കാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രാദേശിക സമാധാന സമിതി അംഗം കൂടിയായ രാജേന്ദ്ര പ്രസാദ് തന്റെ മകനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും കുറിച്ച് പൊലീസിന് വിവരം നൽകിയതായി റിപ്പോർട്ടുണ്ട്. കുട്ടികൾക്കൊന്നും കാര്യമായ പരിക്കില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News