കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്; സിദ്ധരാമയ്യയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

ജനതാദൾ എസ് നേതാവായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസിലെത്തിയത്.

Update: 2023-05-18 11:03 GMT
Advertising

ബംഗളൂരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെ ശിവകുമാർ ആയിരിക്കും ഉപമുഖ്യമന്ത്രി. കന്നഡ രാഷ്ട്രീയത്തിലെ ജനകീയ നേതാക്കളിൽ ഒരാളായ സിദ്ധരാമയ്യയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ.

  • ദേവരാജ് അരസിന് ശേഷം (1972-80) കാലാവധി പൂർത്തിയാക്കി വീണ്ടും മുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ നേതാവാണ് 75-കാരനായ സിദ്ധരാമയ്യ. രണ്ടാം തവണ രണ്ട് വർഷത്തിൽ താഴെ മാത്രമാണ് ദേവരാജ് അരസ് മുഖ്യമന്ത്രി പദവിയിലിരുന്നത്. അടിയന്തരാവസ്ഥക്കാലം കൂടി ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ടേം.
  • മുഖ്യമന്ത്രി പദവിയിൽ കാലാവധി പൂർത്തിയാക്കുകയും (2013-18) അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുകയും ചെയ്യുന്ന ആദ്യ വ്യക്തിയും സിദ്ധരാമയ്യയാണ്. അധികാരത്തിൽ തിരിച്ചെത്തിയ അവസാന മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയാണ്. തന്റെ ആദ്യ ടേമിന് ശേഷം (1983-85) അദ്ദേഹം ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. 1985ൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയ ഹെഗ്‌ഡെ 1988 വരെ മുഖ്യമന്ത്രിയായി തുടർന്നു.
  • ഇത്തവണയും മുഖ്യമന്ത്രി പദവിയിൽ കാലാവധി പൂർത്തിയാക്കിയാൽ രണ്ട് തവണ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കർണാടക മുഖ്യമന്ത്രിയാവും സിദ്ധരാമയ്യ. ബി.എസ് യെദ്യൂരപ്പ നാല് തവണ മുഖ്യമന്ത്രിയായെങ്കിലും ഒരിക്കൽ പോലും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
  • ജനതാദൾ എസ് നേതാവായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസിലെത്തിയത്. മറ്റൊരു പാർട്ടിയിൽനിന്ന് കോൺഗ്രസിലെത്തിയ ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ഏക മുഖ്യമന്ത്രിയും സിദ്ധരാമയ്യയാണ്.
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News