ഗുജറാത്തിൽ പാലം തകർന്നുവീണ് നാലുപേർക്ക് പരിക്ക്
ടിപ്പർലോറിക്കൊപ്പം പാലത്തിലുണ്ടായിരുന്ന ബൈക്കുകളും പുഴയിലേക്ക് വീഴുകയായിരുന്നു
സുരേന്ദ്രനഗർ: ഗുജറാത്തിൽ പാലം തകർന്നുവീണ് നാലുപേർക്ക് പരിക്ക്. സുരേന്ദ്രനഗർ ജില്ലയിലെ ഭോഗാവോ നദിയിലെ പാലത്തിന്റെ ഒരു ഭാഗം ഞായറാഴ്ച വൈകുന്നേരമാണ് തകർന്നു വീണത്. ഏകദേശം 40 വർഷത്തോളം പഴക്കമുള്ള പാലമാണിത്. ഇതിലൂടെ ഭാരമുള്ള വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്. എന്നാൽ 40 ടൺ ഭാരമുള്ള ടിപ്പർലോറി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ടിപ്പർലോറിക്കൊപ്പം പാലത്തിലുണ്ടായിരുന്ന ബൈക്കുകളും പുഴയിലേക്ക് വീണു. അപകടത്തിൽപ്പെട്ട നാലുപേരെ ഉടൻ രക്ഷപ്പെടുത്തി. ഇവർക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ടെന്ന് സുരേന്ദ്രനഗർ കലക്ടർ കെ.സി സമ്പത്ത് പറഞ്ഞു. നാല് പതിറ്റാണ്ടോളം പഴക്കമുള്ള പാലം സംസ്ഥാന റോഡ് ആന്റ് ബിൽഡിംഗ്‌സ് വകുപ്പിന്റെ കീഴിലാണ്. ഭാരവാഹനങ്ങൾ കടന്നുപോകാതിരിക്കാൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും പാലത്തിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബാരിക്കേഡുകൾ ഉണ്ടായിരുന്നിട്ടും ടിപ്പർ ലോറി പാലത്തിലൂടെ കടക്കാൻ ശ്രമിച്ചതാണ് പാലം തകരാൻ ഇടയാക്കിയതെന്ന് കലക്ടർ പറഞ്ഞു. ഇവിടെ പുതിയ പാലം വേണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.