എസ്ഐയെ ആക്രമിച്ചു, യൂണിഫോം വലിച്ചുകീറി; യു.പിയിൽ ബിജെപി നേതാവുൾപ്പെടെ നാല് പേർ അറസ്റ്റിൽ

വാർഡ് കൗൺസിലറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ മോട്ടോർ സൈക്കിളിൽ നീരജ് എന്നയാളുടെ കാർ ഇടിച്ചതിനു പിന്നാലെയായിരുന്നു സംഭവം.

Update: 2024-05-30 12:17 GMT
Advertising

ലഖ്നൗ: യു.പിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവുൾപ്പെടെ നാലു പേർ അറസ്റ്റിൽ. മഥുരയിലെ ബാലാജിപുരത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹൈവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചേതൻ ഭരദ്വാജാണ് മർദനത്തിനിരയായത്. സംഭവത്തിൽ ബിജെപി നേതാവായ ദിനേശ് കുമാർ അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ പറഞ്ഞു. 'ഹൈവേ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാജിപുരം ജങ്ഷനിൽ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റത്തിമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സബ് ഇൻസ്‌പെക്ടർ ചേതൻ ഭരദ്വാജിനെയും ഒരു കോൺസ്റ്റബിളിനെയും സംഭവസ്ഥലത്തേക്ക് അയച്ചു'- എസിപി പറഞ്ഞു.

ബാലാജിപുരം വാർഡ് കൗൺസിലറുടെ ഭർത്താവ് കൂടിയായ ദിനേശ് കുമാറിൻ്റെ മോട്ടോർ സൈക്കിളിൽ നീരജ് എന്നയാളുടെ കാർ ഇടിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. തർക്കം മൂർച്ഛിച്ചതോടെ വിവരമറിഞ്ഞ് എസ്ഐ ഭരദ്വാജും കോൺസ്റ്റബിളും സ്ഥലത്തെത്തിയപ്പോൾ കുമാറും സഹായികളും ഉദ്യോ​ഗസ്ഥനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി എസിപി വ്യക്തമാക്കി.

ഇവർ ഉദ്യോ​ഗസ്ഥന്റെ യൂണിഫോമിൻ്റെ കോളറിൽ പിടിച്ച് വലിക്കുകയും കീറുകയും ചെയ്തു. പിന്നാലെ എസിപി അരവിന്ദ് കുമാർ സ്ഥലത്തെത്തുകയും ബിജെപി നേതാവിനെയും മൂന്ന് സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. എസ്ഐ ഭരദ്വാജിൻ്റെ വൈദ്യപരിശോധനയും നടത്തി. അന്വേഷണം പൂർത്തിയായ ശേഷം പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും എസിപി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News