സുരക്ഷാ ഭീഷണി; മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് വിദേശികൾക്ക് നിയന്ത്രണം
ഇനി മുതൽ വിദേശികൾക്ക് മൂന്നു സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിൽ സർക്കാറിന്റെ പ്രത്യേക അനുമതി വേണ്ടിവരും.
ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നുണ്ടാകുന്ന സുരക്ഷാ ഭീഷണിയെത്തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ,മിസോറാം,നാഗാലാൻഡ് എന്നിവിടങ്ങളിൽ പ്രത്യേക സംരക്ഷിത ഭരണം (പിഎആർ) പുനഃസ്ഥാപിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം.
ഇനി മുതൽ വിദേശികൾക്ക് മൂന്നു സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിൽ സർക്കാറിന്റെ പ്രത്യേക അനുമതി വേണ്ടിവരും.
പതിനാല് വർഷത്തിനു ശേഷമാണ് വിദേശികൾക്കു നൽകിയിരുന്ന യാത്ര ആനുകൂല്യം കേന്ദ്രം പിൻവലിക്കുന്നത്. 1958 ലെ നിയമ പ്രകാരം, സംരക്ഷിത മേഖല പെർമിറ്റ് (പിഎപി) ഉണ്ടെങ്കിൽ മാത്രമേ സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ വിദേശികൾക്ക് സാധിക്കുകയുള്ളൂ.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2011ലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം മണിപ്പൂർ, മിസോറാം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പിഎപി ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കുന്നത്.
തുടർന്ന് അഞ്ചു വർഷത്തേക്ക് കൂടി ഉത്തരവ് നീട്ടുകയും ചെയ്തു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്കുമാണ് പിഎപി നൽകാനുള്ള അധികാരം. വിദേശികളുടെ മേഖലയിലെ സന്ദർശനം കൃത്യമായി നിരീക്ഷിക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് മണിപ്പൂർ സർക്കാർ വ്യക്തമാക്കുന്നത്.