വഖഫ് ഭൂമിയിലെ ക്ഷേത്രങ്ങൾ നീക്കം ചെയ്യില്ല; കർഷകരെ ഒഴിപ്പിക്കില്ല-സിദ്ധരാമയ്യ

വഖഫ് ഭൂമിയിൽനിന്ന് കർഷകരെ ഒഴിപ്പിക്കില്ലെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2024-12-19 11:02 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: വഖഫ് ഭൂമിയിലുള്ള ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നീക്കം ചെയ്യില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം ഭൂമികളിലുള്ള കർഷകരെ ഒഴിപ്പിക്കില്ലെന്നും നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങൾക്ക് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കോൺഗ്രസ് നേതാവ് അറിയിച്ചു.

വഖഫ് വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. വിവാദങ്ങളിൽ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിശദമായ മറുപടി നൽകിയിട്ടുണ്ട്. ഇതുകൊണ്ട് പ്രതിപക്ഷം തൃപ്തരല്ലെങ്കിൽ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിക്കാൻ റിട്ട. ജഡ്ജി അധ്യക്ഷനായുള്ള സമിതി രൂപീകരിക്കാനും ഒരുക്കമാണെന്നും സിദ്ധരാമയ്യ അറിയിച്ചു.

1954ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് നിയമം സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 2008 മുതൽ 2013 വരെയും 2019 മുതൽ 2023 വരെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. 2014 മുതൽ അവർ കേന്ദ്രം ഭരിക്കുന്നുണ്ട്. ആ സമയത്തൊന്നും വഖഫ് ഭേദഗതിയെ കുറിച്ച് ആലോചിക്കാതെ ഇപ്പോഴാണ് വിവാദമുയർത്തി രംഗത്തെത്തുന്നത്. മുസ്‌ലിം നേതാക്കളുമായി ചർച്ച നടത്തി വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവകാശപ്പെട്ടിരുന്നുവെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുക്കളിൽ സർക്കാർ തൊടില്ലെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. 1.28 ലക്ഷം ഏക്കർ വഖഫ് ഭൂമിയാണ് സംസ്ഥാനത്തുള്ളത്. ഇവ സംരക്ഷിക്കാൻ സുപ്രിംകോടതി ഉത്തരവുണ്ട്. ഒരിക്കൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തവ എപ്പോഴും വഖഫ് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വഖഫ് ഭൂമിയിലുള്ള ക്ഷേത്രങ്ങൾ നീക്കം ചെയ്യില്ലെന്നും അവർക്ക് നൽകിയ നോട്ടീസുകൾ പിൻവലിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

ക്ഷേത്രങ്ങൾക്കും കർഷകർക്കും നൽകിയ നോട്ടീസുകൾ പിൻവലിക്കുമെന്ന് കർണാടക വഖഫ്-ന്യൂനപക്ഷ മന്ത്രി ബിഇസെഡ് സമീർ അഹ്‌മദ് ഖാനും നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. വഖഫ് ഭൂമിയെന്ന പേരിലുള്ള 47,363ഉം 23,620ഉം ഏക്കർ ഭൂമികൾ യഥാക്രമം ഇനാം നിരോധന നിയമപ്രകാരവും ഭൂപരിഷ്‌ക്കരണ നിയമപ്രകാരവും കർഷകർക്കു നൽകിയതാണെന്നും ഈ സ്വത്തുക്കളിൽ സർക്കാർ തൊടില്ലെന്നും റവന്യു മന്ത്രി വ്യക്തമാക്കി. കർഷകരുടെ സ്വത്തുക്കൾ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

കർഷകരെ അവരുടെ ഭൂമിയിൽനിന്ന് ഒഴിപ്പിക്കാൻ വഖഫ് ബോർഡ് നീക്കം നടത്തുന്നതായുള്ള വാദവുമായി ബിജെപി നേതാവും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടകയിൽ വഖഫ് വിവാദം ചൂടുപിടിക്കുന്നത്. കർഷകരുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദമുന്നയിക്കുന്നുവെന്നായിരുന്നു പ്രചാരണം. ഇതിനു പിന്നാലെ നിരവധി കർഷകർ ആശങ്കയുമായി രംഗത്തെത്തിയിരുന്നു.

Summary: No temples or farmer lands to be taken over by Waqf Board: Says Karnataka CM and congress leader Siddaramaiah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News