മോദി വിയര്‍ക്കുമോ? ഷിൻഡെ സേന 'എം.പി'മാർ ഉദ്ദവുമായി സംസാരിച്ചെന്ന് റിപ്പോര്‍ട്ട്
സേന പിളർപ്പിനുശേഷം നടന്ന ആദ്യത്തെ ജനവിധിയിൽ ഉദ്ദവ് പക്ഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയുടെ(എം.വി.എ) മിന്നും പ്രകടനത്തിനു പിന്നാലെ ബി.ജെ.പിയുടെ മഹായുതി സഖ്യത്തിൽ വിള്ളലെന്നു സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ഷിൻഡെ പക്ഷത്തുനിന്ന് വിജയിച്ച ജനപ്രതിനിധികള്‍ ഉദ്ദവ് താക്കറെ പക്ഷവുമായി ബന്ധപ്പെട്ടെന്നാണു പുറത്തുവരുന്ന വിവരം. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യകക്ഷികളുടെ നിലപാട് നിർണായകമായിരിക്കെയാണു പുതിയ റിപ്പോർട്ട്.
ഏഴ് സീറ്റിലാണ് ഇത്തവണ സേന ഷിൻഡെ പക്ഷം വിജയിച്ചത്. ഇതിൽ നാലുപേർ ഉദ്ദവുമായി ഫോണിൽ സംസാരിക്കുകയും ആശയവിനിമയം തുടരുന്നുണ്ടെന്നു ദേശീയ മാധ്യമമായ എ.ബി.പി റിപ്പോർട്ട് ചെയ്യുന്നു. സേന പിളർപ്പിനുശേഷം നടന്ന ആദ്യത്തെ ജനവിധിയിൽ ഉദ്ദവ് പക്ഷം മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ എതിർനിരയിൽ പല നേതാക്കൾക്കും മനംമാറ്റമുണ്ടെന്നാണു വ്യക്തമാകുന്നത്. ഒൻപത് സീറ്റിലാണ് ഉദ്ദവ് പക്ഷം വിജയിച്ചത്.
ദേശീയതലത്തില്‍ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി വിയര്‍ക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഷിന്‍ഡെ സേനയില്‍നിന്നും ഇന്‍ഡ്യ സഖ്യത്തിലേക്കുള്ള കൂടുമാറ്റമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള മാന്ത്രികസംഖ്യയിലെത്താനാകാതെ 240ൽ ഒതുങ്ങിയിരിക്കുകയാണ് ബി.ജെ.പി. 272 എന്ന കേവല ഭൂരിപക്ഷത്തിലെത്താൻ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി-യുവും കനിഞ്ഞിട്ടുവേണം. ഇൻഡ്യ സഖ്യം വലിയ ഓഫറുകൾ നൽകിയാൽ രണ്ടുപേരും മറുകണ്ടം ചാടാനും സാധ്യതയേറെയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെൻഡ് വ്യക്തമായ ഘട്ടത്തിൽ തന്നെ നിതീഷിനെയും നായിഡുവിനെയും പിടിച്ചുനിർത്താനുള്ള നീക്കം ബി.ജെ.പി ആരംഭിച്ചിരുന്നു. മോദി തന്നെ നേരിട്ടാണു രണ്ടുപേരെയും വിളിച്ചു സംസാരിച്ചതെന്നു വാർത്തകളുണ്ടായിരുന്നു.
ജെ.ഡി-യുവും ടി.ഡി.പിയും പിന്തുണച്ചാലും ഭരിക്കണമെങ്കിൽ ഇനിയും നാല് സീറ്റ് ആവശ്യമാണ് എൻ.ഡി.എയ്ക്ക്. അതുകൊണ്ടുതന്നെ ഏഴ് സീറ്റുള്ള ഷിൻഡെ പക്ഷത്തു സംഭവിക്കുന്ന ഏതു നീക്കവും ബി.ജെ.പിക്ക് കൂടുതൽ തലവേദനയാകുമെന്നുറപ്പാണ്.
ഏതാനും മാസങ്ങൾക്കുള്ളിൽ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ പുതിയ നീക്കത്തിനു കൂടുതൽ രാഷ്ട്രീയ മാനങ്ങളുണ്ട്. സേനയെ പിളർത്തി മഹാരാഷ്ട്ര ഭരണം തട്ടിപ്പറിച്ച ബി.ജെ.പി ഓപറേഷനിലെ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻ.സി.പിയുടെ കാര്യത്തിലും ഇതേ വികാരമാണ് അലയടിച്ചതെന്നു വ്യക്തമാണ്. ശരത് പവാർ പക്ഷം എട്ടു സീറ്റിൽ വിജയിച്ചപ്പോൾ അജിത് പവാറിന്റെ പക്ഷത്തിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരിക്കുകയാണ്. ഔദ്യോഗിക പാർട്ടി ചിഹ്നവും പേരുമെല്ലാം നഷ്ടപ്പെട്ടിട്ടും ഗംഭീര പ്രകടനമാണ് ശരത് പവാറും ഉദ്ദവും നടത്തിയത്.
മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണു നേരിട്ടത്. കോൺഗ്രസിന്റെ മുന്നേറ്റത്തിനൊപ്പം ഉദ്ദവ് സേന, ശരത് പവാർ എൻ.സി.പി പ്രകടനങ്ങളും നിർണായകമായപ്പോൾ ദേശീയതലത്തിലെ ബി.ജെ.പിയുടെ പ്രകടനത്തെ തന്നെ അതു കാര്യമായി ബാധിച്ചിരിക്കുകയാണ്. ആകെ 48 സീറ്റിൽ 30ഉം ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്ന മഹാവികാസ് അഘാഡി അടിച്ചെടുത്തിരിക്കുകയാണ്. ബി.ജെ.പി ഒൻപത് സീറ്റിലേക്കു ചുരുങ്ങിയപ്പോൾ ഷിൻഡെ സേനയ്ക്ക് ഏഴും അജിത് പവാർ എൻ.സി.പിക്ക് ഒന്നും സീറ്റാണു ലഭിച്ചത്.
Summary: 4 Shinde Sena MPs are in touch with Shivsena UBT to join INDIA: Reports