2024ൽ രാജ്യം വിടാൻ ഒരുങ്ങുന്നത് 4,300 കോടീശ്വരന്മാർ... റിപ്പോർട്ട് പുറത്ത്
യുഎഇ ആണ് സ്ഥിരതാമസത്തിനായി മിക്കവരും തിരഞ്ഞെടുക്കുന്ന സ്ഥലം
ന്യൂഡൽഹി: ഈ വർഷം രാജ്യം വിടാൻ കാത്തുനിൽക്കുന്നത് 4300 കോടീശ്വരന്മാർ... ബ്രിട്ടീഷ് ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. യുഎഇ ആണ് സ്ഥിരതാമസത്തിനായി മിക്കവരും തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം.
സമ്പന്നർ രാജ്യം വിടുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും യുകെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ആയിരം കോടീശ്വരന്മാരെങ്കിലും ഓരോ വർഷവും രാജ്യം വിടുന്നുണ്ടെങ്കിലും സമ്പദ് ഘടനയിൽ കാര്യമായ വ്യത്യാസം അത് വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനേക്കാൾ, കോടീശ്വരന്മാരുടെ എണ്ണത്തിൽ കാര്യമായ വർധന രാജ്യത്തുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോഴും ബിസിനസ് സംരംഭങ്ങളും മറ്റും ഇന്ത്യയിൽ തന്നെ നിലനിർത്തുന്നതിനാലാണ് രാജ്യത്തിന്റെ സമ്പദ് ഘടനയിൽ കാര്യമായ വ്യത്യാസമുണ്ടാകാത്തതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഇന്ത്യയിലെ പ്രൈവറ്റ് ബാങ്കുകളും മറ്റും യുഎഇയിലേക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ കാര്യമായ ചുവടുമാറ്റം നടത്തിയിട്ടുണ്ട്. ആഗോളതലത്തിൽ യുഎഇയും യുഎസുമാണ് കോടീശ്വരന്മാർക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകൾ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് 1,28,000 കോടീശ്വരന്മാരാണ് ഈ വർഷം പ്രവാസം തിരഞ്ഞെടുക്കുക.
റിപ്പോർട്ട് വായിക്കാം: https://www.henleyglobal.com/newsroom/press-releases/henley-private-wealth-migration-report-2024
സുരക്ഷ, സാമ്പത്തിക ഭദ്രദ, നികുതിയിളവ്, കൂടുതൽ ബിസിനസ് അവസരങ്ങൾ, കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഉയർന്ന ജീവിതനിലവാരം, ആരോഗ്യരംഗത്തെ പരിരക്ഷ എന്നിവയൊക്കെ കണക്കാക്കിയാണ് ഈ പറിച്ചുമാറ്റം.
ചൈനയിൽ നിന്ന് 15,200 കോടീശ്വരന്മാരുടെ കുടിയേറ്റമാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 2023ലിത് 13,800 ആയിരുന്നു. യുകെയിൽ നിന്ന് ഈ വർഷം 9,500 കോടീശ്വരന്മാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വർഷം ഇത് 4, 200 ആയിരുന്നു.