അമിത് ഷായുടെ വസതിയില്‍ പാമ്പ്; മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പിടിയില്‍
വ്യാഴാഴ്ചയാണ് നീര്‍ക്കോലി ഇനത്തില്‍ പെട്ട പാമ്പിനെ കണ്ടെത്തിയത്
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്പ് കയറിയത് പരിഭ്രാന്തി പടര്‍ത്തി. വ്യാഴാഴ്ചയാണ് നീര്‍ക്കോലി ഇനത്തില്‍ പെട്ട പാമ്പിനെ കണ്ടെത്തിയത്. ഇടത്തരം വിഷമുള്ള ഈ പാമ്പുകള്‍ മനുഷ്യജീവന് ഭീഷണിയല്ല.
സുരക്ഷാ ഉദ്യോഗസ്ഥർ ഗാർഡ് റൂമിന് സമീപം പാമ്പിനെ കാണുകയും വന്യജീവി സംരക്ഷണത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് എസ്.ഒ.എസ് എന്ന എൻ.ജി.ഒയെ വിവരം അറിയിക്കുകയുമായിരുന്നു. മരപ്പലകകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്പ്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്.
"വ്യാഴാഴ്‌ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ ബംഗ്ലാവിന്‍റെ വളപ്പിൽ ചെക്കഡ് കീൽബാക്ക് പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടത്. ഗാർഡ് റൂമിന് സമീപം പാമ്പിനെ കണ്ടപ്പോൾ, ഉടൻ തന്നെ 24x7 ഹെൽപ് ലൈൻ നമ്പറായ 9871963535-ൽ വൈൽഡ് ലൈഫ് എസ്.ഒ.എസിനെ അറിയിച്ചു.'' എസ്.ഒ.എസ് അധികൃതര്‍ പറഞ്ഞു. ''പാമ്പിനെക്കുറിച്ച് അറിയിച്ചതിന് ആഭ്യന്തര മന്ത്രിയുടെ വസതിയിൽ പ്രവർത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ഞങ്ങൾ നന്ദിയുള്ളവരാണ്. അവര്‍ കാണിച്ച അനുകമ്പ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സാധാരണയായി പാമ്പിനെ കണ്ടാല്‍ ശത്രുതയോടെ കാണുന്നതില്‍ നിന്നും വ്യത്യസ്തമാണിത്'' വൈൽഡ് ലൈഫ് എസ്.ഒ.എസ് സഹസ്ഥാപകനും സി.ഇ.ഒയുമായ കാർത്തിക് സത്യനാരായണൻ പറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എഴുപതോളം പാമ്പുകളെയാണ് മഴക്കാലത്ത് പിടികൂടി രക്ഷപ്പെടുത്തിയത്.
ഏഷ്യയില്‍ പരക്കെ കാണപ്പെടുന്ന പാമ്പാണ് ചെക്കഡ് കീൽബാക്ക് അഥവാ നീര്‍ക്കോലി. മനുഷ്യവാസമുള്ള പ്രദേശങ്ങളിലും സാധാരണ കാണാമെങ്കിലും വംശനാശ ഭീഷണി കുറവുള്ള ജീവിയാണിത്. കേരളത്തിലും ഇവ സർവസാധാരണമാണ്. കേരളത്തിൽ കണ്ടുവരുന്നവയ്ക്ക് പുറമേ ഒന്നിലധികം ഉപജാതികൾ നീർക്കോലികളിലുണ്ട്.പൂർണ്ണമായും ഒരു ശുദ്ധജലജീവിയാണ് നീർക്കോലി.