ബലൂൺ വിൽപനക്കാരന്റെ എയർ സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
ബലൂൺ വാങ്ങാനായി ഇദ്ദേഹത്തിന് ചുറ്റും നിരവധി കുട്ടികൾ കൂട്ടംകൂടി നിന്നിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ ഒരു എട്ടുവയസുകാരന്റെ നില ഗുരുതരമാണ്.
മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലൂൺ വിൽപനക്കാരന്റെ എയർ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു കൂട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പുതുവത്സരാഘോഷത്തിനായി ഒത്തുചേർന്ന ആളുകൾക്കിടയിൽ വെച്ച് ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ബലൂൺ വാങ്ങാനായി ഇദ്ദേഹത്തിന് ചുറ്റും നിരവധി കുട്ടികൾ കൂട്ടംകൂടി നിന്നിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ ഒരു എട്ടുവയസുകാരന്റെ നില ഗുരുതരമാണ്. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
ശക്തമായ സ്‌ഫോടനത്തിൽ സമീപത്തെ ചുമരുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. ഹൈഡ്രജൻ കൂടിയ അനുപാതത്തിൽ ചേർത്തതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥയായ പ്രീതി ഗെയ്ക്‌വാദ് പറഞ്ഞു. സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.